മംഗളൂരു: ഉഡുപ്പി ജില്ലയിലെ മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണുഹമ്പന്‍ കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കൂട്ടക്കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിന് അഞ്ച് പൊലീസ് ടീമുകളെ നിയോഗിച്ചതായി ഉഡുപ്പി എസ്.പി അരുണ്‍കുമാര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 8.30നും ഒമ്പത് മണിക്കും ഇടയിലാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയ, മാസ്‌ക്ക് ധരിച്ചിരുന്ന ആള്‍ ഹസീനയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിന് പിന്നാലെ ഹസീനയുടെ പുറത്ത് വാള്‍ കൊണ്ട് വെട്ടി. പുറത്ത് കളിക്കുകയായിരുന്ന മക്കള്‍ മാതാവിന്റെ കരച്ചില്‍ കേട്ട് അകത്തേക്ക് വന്നപ്പോള്‍ ഇവരെയും കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസീനയുടെ ഭര്‍തൃമാതാവ് ഹാജറ (70)യെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം കൊലയാളി രക്ഷപ്പെടുകയും ചെയ്തു. വീട്ടില്‍ നിന്ന് സാധനങ്ങളൊന്നും മോഷണം പോകാത്തതുകൊണ്ട് കവര്‍ച്ചയായിരുന്നില്ല ലക്ഷ്യമെന്ന് വ്യക്തമാണ്. അഫ്‌നാന്‍ എയര്‍ ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഐനാസ് കോളേജ് വിദ്യാര്‍ത്ഥിയും അസീം എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.