ബംഗളൂരുവിൽ യുവതിയും മലയാളി യുവാവും ഫ്‌ളാറ്റിൽ തീ കൊളുത്തി മരിച്ച നിലയിൽ

0
248

ബംഗളൂരു: ബംഗളൂരു കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ മലയാളി യുവാവിനെയും ബംഗാൾ സ്വദേശിനിയായ യുവതിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29), പശ്ചിമ ബംഗാൾ സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

തീ പടർന്നതോടെ ഇരുവരുടെയും നിലവിളി കേട്ടെത്തിയ അയൽവാസികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സൗമിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. കരിമമ്മ അഗ്രഹാരക്കടുത്തുള്ള ഒരു സ്വകാര്യ കോളജിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയാണ് സൗമിനി ദാസ്. ഇവർ വിവാഹിതയാണ്.

നഴ്‌സ് സർവീസ് ഏജൻസി നടത്തിയിരുന്ന അബിൽ എബ്രഹാം ഏതാനും മാസങ്ങൾക്ക് മുമ്പാണ് സൗമിനി ദാസിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. അബിലുമായുള്ള ബന്ധം സൗമിനിയുടെ ഭർത്താവ് അറിഞ്ഞതോടെയാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. സംഭവത്തിൽ കൊത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here