മുംബൈ: ബൗണ്ടറികളുടെ എണ്ണം കൂട്ടി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച 2019ലെ അനുഭവം ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.ഇത്തവണ സെമിയിലും ഫൈനലിലും എന്താണ് നിയമങ്ങള്‍ ?. സെമിയിലും ഫൈനലിലും 50 ഓവറിന് ശേഷം ഇരുടീമുകള്‍ക്കും ഒരേ സ്കോര്‍ എങ്കില്‍ എന്ത് ചെയ്യും ? ടൈ എങ്കില്‍ വിജയിയെ തീരുമാനിക്കാൻ സൂപ്പര്‍ ഓവര്‍ കളിക്കണം. സൂപ്പര്‍ ഓവറിലും ഒരേ സ്കോര്‍ എങ്കില്‍ അടുത്ത സൂപ്പര്‍ ഓവറിലേക്ക് കളി നീളും. അങ്ങനെ വിജയിയെ കണ്ടെത്തും വരെ സൂപ്പര്‍ ഓവറുകള്‍ കളിക്കണമെന്നതാണ് നിലവില്‍ ഐസിസി ചട്ടം.
മഴ കളിച്ചാല്‍
ഇനി സെമിയിൽ മഴ കാരണം കളി തടസ്സപ്പെട്ടാലോ ? റിസര്‍വ് ദിനത്തിലൂടെ രണ്ടാം ദിവസത്തേക്ക് കളി നീട്ടാം. ആദ്യ ദിവസം അവസാന പന്തില്‍ സ്കോര്‍ എത്ര ആയിരുന്നോ അവിടെ നിന്ന് കളി തുടങ്ങണം എന്നാൽ ആദ്യ ദിവസം തന്നെ വിജയിയെ കണ്ടെത്താൻ അംപയര്‍മാര്‍ ശ്രമിക്കണമെന്നാണ് ഐസിസി ചട്ടം.
രണ്ടാമത് ബാറ്റുചെയ്ത ടീം 20 ഓവര്‍ പിന്നിട്ടാൽ ഡക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ വിജയിയെ പ്രഖ്യാപിക്കാം. 20 ഓവര്‍ പൂര്‍ത്തിയായില്ലെങ്കില്‍, മഴ മാറിയതിനു ശേഷം ഓവറുകള്‍ വെട്ടിക്കുറച്ച്, വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച് ഒന്നാം ദിനം തന്നെ മത്സരം അവസാനിപ്പിക്കാം. അവിടെയുമുണ്ട് ശ്രദ്ധിക്കാൻ ഒരു കാര്യം. മഴ മാറുമെന്ന് കരുതി ഇഷ്ടമുള്ളത്രയും സമയം കാത്തിരിക്കാന്‍ ആവില്ല. ആദ്യദിവസം മത്സരം അവസാനിക്കേണ്ട നിശ്ചിത സമയത്തിനുശേഷം പരമാവധി 2 മണിക്കൂര്‍ ആണ് എക്സ്ട്രാ ടൈമായി അനുവദിച്ചിട്ടുള്ളത്.
ഇതിനുള്ളിൽ കളിതുടങ്ങേണ്ടതാണ്.ഇല്ലെങ്കില്‍ റിസര്‍വ് ദിനത്തിലേക്ക് പോകും. ഇനി സെമിയുടെ ആദ്യ ദിവസവും റിസര്‍വ് ദിനത്തിലും മഴ കാരണം കളി ഉപേക്ഷിക്കേണ്ട സാഹചര്യമെങ്കില്‍ , ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തിയ 2 ടീമുകൾ ഫൈനലിലെത്തും. അതായത് ഒന്നാം സെമിയിൽ നിന്ന് ഇന്ത്യയും രണ്ടാം സെമിയിൽ നിന്ന് ദക്ഷിണാഫ്രിക്കയുമാകും അത്തരമൊരു സാഹചര്യത്തിൽ ഫൈനല്‍ കളിക്കുക ഇനി ഫൈനലിലും മഴ കാരണം കളി ഉപേക്ഷിച്ചാൽ, അവിടെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനമൊന്നും പരിഗണിക്കില്ല. ഇരുടീമുകളെയും സംയുക്തജേതാക്കളായി പ്രഖ്യാപിക്കും. ലോകകിരീടം പങ്കിടുകയും ചെയ്യും.