ഏകദിന ലോകകപ്പ്: ‘ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോള്‍, അല്ലെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല’; ആരോപണവുമായി പാക് താരം

0
180

ഐസിസിയ്ക്കും ബിസിസിഐയ്ക്കും എതിരെ വിചിത്ര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ. ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോളുകളാണെന്ന് തോന്നുന്നെന്നും തങ്ങളുടെ മത്സരങ്ങളില്‍ ഉടനീളം ഇന്ത്യന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന പന്തുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ റാസ പറഞ്ഞു. ഒരു ടിവി പരിപാടിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. പക്ഷേ, അവര്‍ പന്തെറിയാന്‍ തുടങ്ങുമ്പോള്‍ സീമും സ്വിംഗും കാണാം. ചില ഡിആര്‍എസ് തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായി.

ഐസിസിയാണോ ബിസിസിഐ ആണോ അമ്പയര്‍മാരാണോ ഇന്ത്യയെ സഹായിക്കുന്നതെന്ന് അറിയില്ല. എക്‌സ്ട്രാ കോട്ടിംഗ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടെന്ന് സംശയിക്കണം- ഹസന്‍ റാസ പറഞ്ഞു.

വ്യാഴാഴ്ച വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടിരുന്നു. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കക്കെതിരായ വമ്പന്‍ ജയത്തോടെ ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here