‘ആദ്യം എനിക്കൊരു ഭാര്യയെ കണ്ടെത്തിത്തരൂ’, ട്രെയിനിങ്ങിന് പങ്കെടുക്കാത്തതിന് അധ്യാപകന്റെ വിചിത്രമായ വിശദീകരണം

0
172

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്നോടിയായുള്ള പരിശീലനത്തിന് വരാത്തതിന് വിചിത്രമായ കാരണം പറഞ്ഞ് അധ്യാപകൻ. ഏതായാലും കാരണം കേട്ടയുടനെ ഇയാളെ ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്തു. ‘എന്റെ രാത്രികളെല്ലാം ഞാൻ വെറുതെ പാഴാക്കുകയാണ്. ആദ്യം എനിക്കൊരു വധുവിനെ കണ്ടു പിടിച്ചുതരൂ’ എന്നാണ് അധ്യാപകൻ തനിക്ക് കിട്ടിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്.

മധ്യപ്രദേശിലെ അമർപതാനിലെ ഒരു സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ സംസ്കൃതം അധ്യാപകനാണ് അഖിലേഷ് കുമാർ മിശ്രയെന്ന 35 -കാരൻ. അഖിലേഷ് കുമാറാണ് താൻ പരിശീലനത്തിനൊക്കെ പങ്കെടുക്കാം അതിന് മുമ്പ് അധികൃതർ തനിക്ക് ഒരു വധുവിനെ കണ്ടെത്തി തരൂ എന്നും പറഞ്ഞ് ഭരണകൂടത്തിന് എഴുതിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അഖിലേഷ് കുമാറിനും മറ്റ് അധ്യാപകർക്കും ഒക്ടോബർ 16-17 തീയതികളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പരിശീലനം ഉണ്ടായിരുന്നു. എന്നാൽ, അഖിലേഷ് അതിൽ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന്റെ കാരണം ചോദിച്ചപ്പോഴാണ് അധ്യാപകൻ വിചിത്രമായ മറുപടി നൽകിയത്. ദേശീയ പ്രാധാന്യമുള്ള ഒരു ജോലിയിൽ അശ്രദ്ധ കാണിച്ചത് എങ്ങനെയാണ്, അതിന്റെ കാരണം വ്യക്തമാക്കണമെന്നും അല്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്നും കാണിച്ചുകൊണ്ട്  ഒക്ടോബർ 27 -ന് അഖിലേഷ് കുമാറിന് ഒരു കാരണം കാണിക്കൽ നോട്ടീസും കിട്ടി. ഒക്ടോബർ 31 -നായിരുന്നു അഖിലേഷ് ഇതിന് മറുപടി എഴുതിയത്.

മറുപടിയുടെ തലക്കെട്ട് തന്നെ ‘പോയിന്റ് ടു പോയിന്റ് റിപ്ലൈ’ എന്നായിരുന്നു. അതിൽ ആദ്യത്തെ പോയിന്റ് ഇതായിരുന്നു: ‘എന്റെ ജീവിതം മുഴുവൻ ഒരു ഭാര്യയില്ലാതെ പോവുകയാണ്. എന്റെ രാത്രികളെല്ലാം പാഴ്രാത്രികളാണ്. ആദ്യം എന്നെ വിവാഹം കഴിപ്പിക്കൂ’. പിന്നീടുള്ള പോയിന്റുകളിൽ തനിക്ക് സ്ത്രീധനമായി 3.5 ല​ക്ഷം രൂപ വേണമെന്നും സംദാരിയയിൽ ഒരു ഫ്ലാറ്റിന് വേണ്ടിയുള്ള തുക അനുവദിക്കണമെന്നും പറയുന്നു. ഏതായാലും മറുപടി കിട്ടി അധികം വൈകാതെ തന്നെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

അഖിലേഷ് കുമാറിന്റെ സഹപ്രവർത്തകൻ പറയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി അഖിലേഷ് കടുത്ത മാനസിക പ്രയാസത്തിലാണ്. അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒരു മറുപടി അധികൃതർക്ക് നൽകുമോ എന്നാണ്. ഒരു വർഷമായി അഖിലേഷ് ഫോണും ഉപയോ​ഗിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here