ഷവർമ ഉൾപ്പെടെയുള്ള ഭക്ഷണവിൽപ്പന; തയ്യാറാക്കിയതിന്റെ തീയതിയും സമയവും രേഖപ്പെടുത്തണം -ഹൈക്കോടതി

0
165

കൊച്ചി: ഷവർമ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങളിൽ തയാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പായ്ക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൗണ്ടറിലൂടെ നൽകുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. അടുത്തിടെ ഷവർമ കഴിച്ച് കാക്കനാട് യുവാവ് മരിച്ച സംഭവവും കോടതി പരാമർശിച്ചു. നിർദിഷ്ട സമയപരിധിക്കുള്ളിൽത്തന്നെ ഷവർമ അടക്കമുള്ളവ ഭക്ഷിക്കാൻ ഉപഭോക്താക്കളിൽ അവബോധമുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ നടപടി സ്വീകരിക്കണം.

നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരേ നടപടിസ്വീകരിക്കണം. ഇതിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം. മയണൈസ് നിർമാണത്തിൽ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ച്‌ ജനുവരി 12-ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൻ ഓൺലൈനിൽ ഹാജരായി വിശദീകരിച്ചു.

സുരക്ഷിതമായ നിർദിഷ്ട സമയപരിധി കഴിഞ്ഞ്‌ ഷവർമ ഭക്ഷിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നും കമ്മിഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ള ഹർജിക്കാരിയുടെ ആവശ്യത്തിൽ ഉചിതമായ എതിർസത്യവാങ്മൂലം നൽകണമെന്നും അധികൃതർക്ക്‌ ഹൈക്കോടതി നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here