ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങൾ അറിയാം; ആദ്യപത്തിൽ ഇടം പിടിച്ച് ദുബൈ

0
102

ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ദുബൈ. ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023 (ജിപിസിഐ) ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ദുബൈ ഇടംപിടിച്ചത്. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം സ്ഥിരീകരിച്ചു. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസാണ് സൂചിക പുറത്തിറക്കിയത്.

ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023 ആദ്യ പത്തിൽ ഇടം പിടിച്ച രാജ്യങ്ങൾ ഇവയാണ്:

  1. ലണ്ടൻ
  2. ന്യൂയോർക്ക്
  3. ടോക്കിയോ
  4. പാരീസ്
  5. സിംഗപ്പൂർ
  6. ആംസ്റ്റർഡാം
  7. സിയോൾ
  8. ദുബൈ
  9. മെൽബൺ
  10. ബെർലിൻ

ആകെ 200 രാജ്യങ്ങളെ ലിസ്റ്റ് ചെയ്തതിൽ ആദ്യ അമ്പതിൽ ഇടംപിടിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക നഗരമാണ് ദുബൈ. ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച ഏക നഗരം മുംബൈ മാത്രമാണ്. 48-ാം സ്ഥാനത്താണ് മുംബൈ.

“ഈ ആദരണീയ സൂചികയിൽ ദുബൈ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ്. ഈ നേട്ടത്തിന് കാരണമായ ദുബൈയിലെ എല്ലാ ടീമിനും അതിലെ സമൂഹത്തിനും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. മികവിനായി സമർപ്പിതനായ ഒരു ദീർഘവീക്ഷണമുള്ള നേതാവിനെ ലഭിച്ചതിൽ നമുക്ക് ഭാഗ്യമുണ്ട്. നമ്മുടെ അഭിലാഷങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ ദുബൈ സ്ഥിരമായി ഉന്നതസ്ഥാനം ലക്ഷ്യമിടുന്നു. ദുബൈയിലെ കമ്മ്യൂണിറ്റി, ടീമുകൾ, പങ്കാളികൾ എന്നിവരുടെ കൂട്ടായ പ്രയത്‌നത്തിലൂടെ, ദുബൈയിയെ ഒരു ആഗോള ഭാവി നഗരത്തിന്റെ പ്രതിരൂപമാക്കി മാറ്റാൻ നമുക്ക് കഴിയും -ഷെയ്ഖ് ഹംദാൻ X-ൽ കുറിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സമർപ്പിത ശ്രമങ്ങളാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023-ൽ ദുബൈയിയുടെ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

2008 മുതൽ വർഷം തോറും പ്രസിദ്ധീകരിക്കുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (GPCI), ആഗോള നഗരങ്ങളുടെ പ്രകടനവും മത്സരക്ഷമതയും അളക്കുന്നതിനുള്ള ഒരു ആഗോള മാനദണ്ഡമാണ്. നിക്ഷേപം, കുടിയേറ്റം, യാത്ര എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സർക്കാരുകളും ബിസിനസുകളും വ്യക്തികളും ഇത് ഉപയോഗിക്കുന്നു. നഗരങ്ങളുടെ ചലനാത്മക സ്വഭാവവും ആഗോള വെല്ലുവിളികളെ അഭിമുഖീകരിച്ച് പൊരുത്തപ്പെടാനും അഭിവൃദ്ധിപ്പെടാനുമുള്ള അവയുടെ കഴിവും സൂചിക പ്രതിഫലിപ്പിക്കുന്നു. ഇത് നഗരങ്ങളുടെ നിലയെക്കുറിച്ചും ആഗോള തലത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സമഗ്രമായ ഒരു അവലോകനം നൽകുന്നു. സമ്പദ്‌വ്യവസ്ഥ, ഗവേഷണവും വികസനവും, സാംസ്‌കാരിക ഇടപെടൽ, ജീവിതക്ഷമത, പരിസ്ഥിതി, പ്രവേശനക്ഷമത എന്നിവ ഉൾപ്പെടെ ആറ് പാരാമീറ്ററുകൾ ഉപയോഗിച്ചാണ് മികച്ച നഗരങ്ങളെ ലിസ്റ്റ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here