നിരന്തരം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ദിവസേന ഓരോ ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ തട്ടിപ്പിന്റെ പുതിയ ലോകവും തുറക്കുകയാണ് ഇത്തരം അപ്‌ഡേഷനും. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ വീണ് പണം നഷ്ടപ്പെടുത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.
സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബല്‍ സ്‌കാം മെസേജ് പഠനം പുറത്തിറക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍ കുറ്റവാളികള്‍ അവരുടെ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനോ പണം അപഹരിക്കാനോ എസ്എംഎസിലോ വാട്ട്‌സ്ആപ്പിലോ അയയ്ക്കുന്ന അപകടകരമായ 7 സന്ദേശങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇമെയിലിലൂടെയോ ടെക്സ്റ്റിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പ്രതിദിനം ഏകദേശം 12 വ്യാജ സന്ദേശങ്ങളോ തട്ടിപ്പുകളോ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഈ പഠനത്തില്‍ പറയുന്നത്.
- നിങ്ങള്‍ക്ക് ഒരു സമ്മാനം ലഭിച്ചു എന്ന തരത്തിലുള്ള സന്ദേശം വാട്‌സാപ്പിലോ എസ് എം എസ് ആയോ വന്നിട്ടുണ്ടെങ്കില്‍ ഗൗനിക്കരുത്. ഇത്തരം സന്ദേശം 99 ശതമാനവും ഒരു തട്ടിപ്പാണെന്നും സ്വീകര്‍ത്താവിന്റെ ക്രെഡന്‍ഷ്യലുകളോ പണമോ മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമാണ് പഠനം പറയുന്നത്.
- വ്യാജ തൊഴില്‍ അറിയിപ്പുകളും ഓഫറുകളും വരുന്നതും ശ്രദ്ധിക്കണം. ജോലി വാഗ്ദാനങ്ങള്‍ ഒരിക്കലും വാട്‌സാപ്പിലോ എസ്എംഎസിലോ വരുന്നില്ല. ഒരു പ്രൊഫഷണല്‍ കമ്പനിയും ഈ പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങളെ ഒരിക്കലും സമീപിക്കില്ല.
- ബാങ്കുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ എന്ന വ്യാജേന യുആര്‍എല്‍ സന്ദേശം വന്നാലും അതില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കെവൈസി വിശദാംശങ്ങള്‍ ചോദിച്ച് കൊണ്ടുള്ള ഇത്തരം സന്ദേശങ്ങളിലൂടെ പണം തട്ടിയെടുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
- നിങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു ഷോപ്പിംഗിനെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ എന്ന തരത്തിലാണ് പുതിയ തരത്തില്‍ പ്രചാരമേറുന്നത്. സ്വീകര്‍ത്താക്കളെ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യിച്ച് അവരുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്.
- നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്‌ക്രിപ്ഷന്‍ അപ്ഡേറ്റുകള്‍ക്ക് വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഇത് സൗജന്യ ഓഫറുകളോ മറ്റോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുക.
- നിങ്ങുടെ ഓണ്‍ലൈന്‍ പര്‍ച്ചേസുകളുടെ ഡെലിവറി യഥാസമയം എത്താന്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇതും 99 ശതമാനവും തട്ടിപ്പുകാരില്‍ നിന്ന് വരുന്ന സന്ദേശങ്ങളായിരിക്കും.