തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തിട്ട് ഒരാഴ്ച പിന്നിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്. കഴിഞ്ഞ ബുധനാഴ്ച രണ്ട് മണിയോടെ ആയിരുന്നു 12 കോടിയുടെ പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നത്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് വിൽപ്പന നടത്തിയ ഏജൻസിയെ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റ് സമ്മാനങ്ങൾ ഭാഗ്യശാലികൾ വാങ്ങി പോയെങ്കിലും ഒന്നാം സമ്മാനാർഹൻ ഇതുവരെ രംഗത്ത് വന്നിട്ടില്ല.
കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് 12 കോടിയുടെ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോ ഭർത്താവ് ജോജോ ജോസഫ് എന്നിവരാണ് ഏജൻസി ഉടമകൾ. ഇവരുടെ ഏജൻസിയിൽ നിന്നും ആകെ 25000 പൂജാ ബമ്പറുകൾ വിറ്റു പോയിരുന്നു. ഇതിൽ ഒരു ടിക്കറ്റിനാണ് മഹാഭാഗ്യം ലഭിച്ചതും.
കാസർകോട് ആണ് ഏജൻസി എങ്കിലും കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ സബ് ഏജൻസികളിലും മറ്റ് കടകളിലും ഇവർ ടിക്കറ്റ് വിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യശാലി ഏത് ജില്ലക്കാരനാണെന്നും വ്യക്തതയില്ല. കൂടാതെ ഇവർ കാറിൽ കൊണ്ടുപോയും ടിക്കറ്റ് വിൽക്കാറുണ്ട്. ഒപ്പം കർണാടകയിൽ നിന്നും ആളുകൾ ടിക്കറ്റ് എടുക്കാറുണ്ടെന്നും ജോജോ ജേസഫ് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ 12 കോടിയുടെ ടിക്കറ്റ് ബോഡർ കടന്നോ എന്ന ചോദ്യവും നിഴലിടുന്നുണ്ട്.
പൂജാ ബമ്പർ സമ്മാനവിവരം
ഒന്നാം സമ്മാനം 12 കോടി. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.