‘പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുത്’; ഇമാമുമാർക്ക് ഡൽഹി പൊലീസിന്റെ നോട്ടിസ്

0
223

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പള്ളിയിലെ ഇമാമുമാർക്ക് കർശന നിർദേശങ്ങളടങ്ങിയ നോട്ടിസുമായി ഡൽഹി പൊലീസ്. പള്ളിയിൽ ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കരുതെന്നാണു നിർദേശം. ഫലസ്തീന്റെ പേരു തന്നെ പ്രസംഗങ്ങളിൽ പരാമർശിക്കരുതെന്നും ഉത്തരവുണ്ട്.

ഉറുദു ദിനപത്രമായ ‘ഇങ്ക്വിലാബ്’ ആണ് പള്ളികളിലെ ഇമാമുമാർക്ക് ഡൽഹി പൊലീസ് നോട്ടിസ് നൽകിയ വിവരം പുറത്തുവിട്ടത്. ജുമുഅ ദിവസം ഉള്‍പ്പെടെ ഫലസ്തീനു വേണ്ടിയുള്ള പ്രസംഗത്തിനും പ്രാർത്ഥനയ്ക്കും വിലക്കുണ്ട്. നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട് പൊലീസ്.

പൊലീസ് ഉത്തരവിനെതിരെ സമാദ്‌വാദി പാർട്ടി ലോക്‌സഭാ അംഗം കൻവർ ഡാനിഷ് അലിയും ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വക്താവ് ഖാസിം റസൂൽ ഇല്യാസും രംഗത്തെത്തി. പൊലീസ് പള്ളിയിൽ ചെന്നു പ്രാർത്ഥന തടയുന്നത് തീർത്തും തെറ്റാണെന്ന് എം.പി പറഞ്ഞു. രാജ്യത്തിന്റെ വിദേശനയം തന്നെ ഫലസ്തീനൊപ്പമാണ്. ഇന്ത്യ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധിജിയുടെ കാലം മുതൽ രാജ്യം ഇതേ നിലപാടാണു തുടരുന്നത്. രാജ്യത്തിന്റെ നയത്തിനനുസരിച്ചാകണം പൊലീസും പ്രവർത്തിക്കേണ്ടതെന്നും ദാനിഷ് അലി കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണു നമ്മൾ സ്വയം അവകാശപ്പെടുന്നത്. എന്നിട്ടും മർദിതർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് ഖാസിം റസൂൽ കുറ്റപ്പെടുത്തി.

ഫലസ്തീനു വേണ്ടി പ്രാർത്ഥിക്കുന്നത് ഒരു കുറ്റവുമല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി നടക്കുന്ന പ്രാർത്ഥനകൾക്കു വിലക്കേർപ്പെടുത്താൻ പൊലീസിന് അധികാരമില്ല. അമേരിക്കയിൽ വൈറ്റ് ഹൗസിനു മുന്നിൽ വരെ ഗസ്സയെ രക്ഷിക്കാനായി പ്രകടനം നടക്കുന്നുണ്ട്. ബ്രിട്ടിനും ഫ്രാൻസും ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നുണ്ടെന്നും ഖാസിം റസൂൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here