കുസാറ്റിൽ വൻ ദുരന്തം: ഗാനമേളക്കിടെ മഴ പെയ്തു, തിരക്കിൽ 4 പേർ മരിച്ചു, 46 പേർക്ക് പരിക്ക്

0
341

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു.

ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറി. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാർത്ഥികളാണെന്നാണ് കരുതുന്നത്. എന്നാൽ പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here