ഉപ്പളയിലും കുമ്പളയിലും കന്നുകാലി മോഷണം പതിവായി; പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാളെന്ന് സംശയം

0
169

കുമ്പള: ഉപ്പള, സോങ്കാല്‍, കുമ്പള ഭാഗങ്ങളില്‍ കന്നുകാലി മോഷണം വ്യാപകമായി. മോഷണത്തിന് പിന്നില്‍ കര്‍ണാടക സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സംശയം. പ്രതിയെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ കെ.വി. അബ്ബാസിന്റെ ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആടിനെയും രണ്ട് കുഞ്ഞുങ്ങളെയും കാണാതായി. 70,000 രൂപ വിലയുള്ള ആടുകളാണിവ. മേയാന്‍ വിട്ട ആടുകളെ തിരിച്ചുകൊണ്ടുവരാനായി പോയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ കാണാനില്ലായിരുന്നു. പിന്നീട് ആടിനേയും കാണാതായതിനെ തുടര്‍ന്ന് അബ്ബാസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപം വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആള്‍ ആടിന് ബിസ്‌ക്കറ്റ് നല്‍കുന്ന ദൃശ്യം കണ്ടത്.

കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഉപ്പളയില്‍ ഒരാഴ്ച മുമ്പ് രണ്ട് ആടുകളെ കടത്തി കൊണ്ടു പോകുന്നതിനിടെ പിടികൂടി ഉപ്പളയിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയും പ്രായം പുര്‍ത്തിയാകാത്തതിനാല്‍ മാതാവിനെ വിളിപ്പിച്ച് വിട്ടയച്ചതായും അറിഞ്ഞത്. മോഷണം വ്യാപകമായതോടെ കുട്ടിയുടെ മാതാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സോങ്കാലില്‍ രണ്ട് മാസത്തിനിടെ 12 ആടുകളും രണ്ട് പോത്തുകളും രണ്ട് പശുക്കളും മൂന്ന് മൂരികളും മോഷണം പോയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തയാള്‍ കന്നുകാലികളെ കടത്തിക്കൊണ്ടുപോയി കന്നുകാലി കടത്ത് സംഘത്തിന് കൈമാറുന്നതായാണ് സംശയിക്കുന്നത്. പകല്‍ സമയങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്ന വീടുകള്‍ നിരീക്ഷിച്ച് രാത്രിയില്‍ സംഘത്തിനൊപ്പമെത്തി വാഹനത്തില്‍ കടത്തി കൊണ്ടു പോകുന്നതായി സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സോങ്കാലില്‍ വലിയ കന്നുകാലികള്‍ രാത്രിയിലാണ് മോഷണം പോയത്. കഴിഞ്ഞയാഴ്ച്ച ബേക്കൂരിലും സോങ്കാലിലും കന്നുകാലികളെ കടത്തി കൊണ്ടു പോകാന്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കാറില്‍ സംഘം രക്ഷപ്പെടുകയായിരുന്നു. അബ്ബാസും സോങ്കാലില്‍ മോഷണം പോയ കന്നുകാലികളുടെ ഉടമകളും കുമ്പള പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here