ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ നേരിട്ട് പോയ മോദിക്ക്, സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ സ്വന്തം പേരിട്ട സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ അദ്ദേഹത്തിന് സമയമുണ്ട്. നാളെ മുതല്‍ തെലങ്കാനയിലും, രാജസ്ഥാനിലും ചെന്ന് കോണ്‍ഗ്രസിനെതിരെ സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തും. പക്ഷെ നാളുകളായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കാര്യമായ സന്ദര്‍ശനം നടത്താന്‍ ഇന്നുവരെ മോദിക്കായിട്ടില്ല. അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണ്,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
ലോകകപ്പ് ഫൈനലിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കലാപം തടയാന്‍ യാതൊരു ശ്രമവും കേന്ദ്ര സര്‍ക്കാരോ, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരോ ശ്രമിക്കുന്നില്ലെന്നാണ് വിമര്‍ശനമുയരുന്നത്.
അതേസമയം ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ആസ്‌ട്രേലിയ ജേതാക്കളായി. ഇത് ആറാം തവണയാണ് ഓസീസ് പട വേള്‍ഡ് കപ്പ് ട്രോഫിയില്‍ മുത്തമിടുന്നത്. ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്‌ട്രേലിയ തോല്‍പ്പിച്ചത്.