കുട്ടിയെ മൈതാനത്ത് എത്തിച്ചത് ഓട്ടോയില്‍; ഷാള്‍ കൊണ്ട് തല മറച്ചിരുന്നു; സ്ത്രീക്ക് ഏകദേശം 35 വയസ് പ്രായം വരുമെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴി

0
181

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും കാണാതായ അബിഗേല്‍ സാറ റെജിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലിങ്ക് റോഡില്‍ വെച്ചാണ് കുട്ടിയുമായി സ്ത്രീ ഓട്ടോയില്‍ കയറിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇളം മഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയാണ് ഓട്ടോറിക്ഷ ഓട്ടം വിളിച്ചത്. ഇവര്‍ ആരാണെന്ന് തനിക്ക് അറിയില്ല. കുട്ടിയുടെ തല ഷാള്‍ കൊണ്ട് മറച്ചിരുന്നു. സ്ത്രീക്ക് ഏകദേശം 35 വയസ് പ്രായം വരുമെന്ന് അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജീവന്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞശേഷം കെ എസ് ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് വരുമ്പോഴാണ് യുവതി കൈകാണിക്കുന്നത്. എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ ആശ്രാമത്തിലേക്ക് പോകണമെന്ന് പറഞ്ഞു. അശ്വതി ബാറിന് എതിര്‍വശത്ത് ഗ്രൗണ്ടിലേക്ക് കയറാന്‍ വഴിയുള്ള ഭാഗത്ത് ഇറങ്ങി. ഓട്ടോ ചാര്‍ജ് 40 രൂപയാണെന്ന് പറഞ്ഞപ്പോള്‍ 200 രൂപ നല്‍കി.

തുടര്‍ന്ന് 160 രൂപ തിരികെ നല്‍കി. കുഞ്ഞിന് നല്ല ക്ഷീണമുണ്ടായിരുന്നു. കുട്ടിക്ക് പനിയായിരിക്കുമെന്നാണ് താന്‍ കരുതിയത്. സ്ത്രീ തലയില്‍ വെള്ള ഷാള്‍ ഇട്ടിരുന്നു. ഓട്ടോയില്‍ വെച്ച് കുട്ടി യാതൊരു പ്രതികരണവും നടത്തിയില്ല. മിണ്ടിയതു പോലുമില്ല. ഇവര്‍ റോഡില്‍ വെയിലും കൊണ്ട് നില്‍ക്കുകയായിരുന്നു. വീട്ടില്‍ നിന്നും കുട്ടിയെ കണ്ടുപിടിച്ച കാര്യം വിളിച്ചു പറഞ്ഞപ്പോഴാണ്, താന്‍ കൊണ്ടുവിട്ടത് ഈ കുട്ടിയാണോ എന്ന് സംശയിച്ചത്.

താന്‍ തന്നെയാണ് പൊലീസിനോട് വിവരം പറഞ്ഞത്. ആദ്യം മൈതാനത്ത് ആളില്ലാത്ത കമ്പിവേലിയുടെ സമീപത്തു നിര്‍ത്താനാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ എങ്ങനെ പോകുമെന്ന് ചോദിച്ചപ്പോഴാണ്, പിന്നീട് വഴിയുള്ള ഭാഗത്ത് നിര്‍ത്താന്‍ പറഞ്ഞത്. തുടര്‍ന്ന് അവര്‍ ഫുട്പാത്ത് വഴി അകത്തേക്ക് കടന്ന് ബെഞ്ച് കിടന്ന ഭാഗത്തേക്ക് പോയി. സ്ത്രീയുടെ മുഖത്ത് യാതൊരു ഭയപ്പാടോ പരിഭ്രമമോ ഉണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here