യു.പിയില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു

0
230

രാംപൂർ (യു.പി): പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. രാംപൂർ ജില്ലയിലാണ് സംഭവം. സാജിദ് (23) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ബബ്‌ലു എന്നയാൾക്ക് പരിക്കേറ്റു. പൊലീസിനെ കണ്ട് ഇവർ വെടിയുതിർത്തപ്പോഴാണ് തിരിച്ചു വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.

പശുവിനെ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ശനിയാഴ്ച രാത്രി പ്രതികൾ മൊറാദാബാദിൽനിന്ന് വാഹനത്തിൽ വരുന്നുണ്ടെന്ന് വിവരം ലഭിച്ചത്. പത്‌വായി പൊലീസ് ഉടൻ തന്നെ വാഹനപരിശോധന ആരംഭിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങിയ ഇവർ പൊലീസിന് നേരെ വെടിയുതിർത്തപ്പോഴാണ് തിരിച്ചുവെടിവച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സാജിദ് മരിച്ചു. ബബ്‌ലു ചികിത്സയിലാണ്-രാംപൂർ എസ്.പി രാജേഷ് ദ്വിവേദി പറഞ്ഞു.

സാജിദും ബബ്‌ലുവും മൊറാദാബാദ് സ്വദേശികളാണ്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എസ്.പി പറഞ്ഞു. കൊലപാതകശ്രമം, ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കാർ, നാടൻ പിസ്റ്റളുകൾ, വെടിയുണ്ടകൾ, പശുവിനെ കൊല്ലാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായി എസ്.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here