ഉഡുപ്പി കൂട്ടക്കൊല: കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും കാറും കണ്ടെടുത്തു

0
217

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊല്ലാൻ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെ (39) ഉപയോഗിച്ച ആയുധവും രക്തംപുരണ്ട വസ്ത്രങ്ങളും മാസ്കും കേസ് അന്വേഷണ സംഘം കണ്ടെടുത്തു. കൃത്യം ചെയ്ത ശേഷം പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു.

ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയിൽ കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും പാലത്തിൽ നിന്ന് ഫൽഗുനി പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് മംഗളൂരുവിലെ താമസസ്ഥലത്താണെന്ന് മൊഴി മാറ്റി. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിൽ മംഗളൂരു ബിജായിലെ ഫ്ലാറ്റിൽ നിന്ന് എല്ലാം കണ്ടെത്തുകയായിരുന്നു.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവർ കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അരുൺ. പ്രതിയെ കഴിഞ്ഞ ദിവസം എയർ ഇന്ത്യ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here