19 ദിവസം മുമ്പ് വിവാഹിതയായ നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

0
314

ബദിയടുക്ക: നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയിലെ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളും ഉക്കിനടുക്കയിലെ താജുദ്ദീന്റെ ഭാര്യയുമായ ഉമൈറ ബാനു(22)വിനെയാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

താജുദ്ദീനും ഉമൈറ ബാനുവും പ്രണയത്തിലായിരുന്നു. ഒരുമാസം മുമ്പാണ് താജുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്. 19 ദിവസം മുമ്പ് താജുദ്ദീന്‍ ഉമൈറയെ വിവാഹം ചെയ്തു. ഉമൈറയുടെ പിതാവ് മുഹമ്മദ് കര്‍ണാടക സ്വദേശിയാണ്. മുഹമ്മദും കുടുംബവും ഇന്നലെ രാവിലെ കര്‍ണ്ണാടകയിലേക്ക് പോയിരുന്നു. ഉമൈറയും താജുദ്ദീനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താജുദ്ദീന്റെ ബന്ധുവിന് പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്. വീട് നിര്‍മ്മിക്കുന്ന സ്ഥലത്ത് സിമന്റ് ഇറക്കാനായി താജുദ്ദീന്‍ ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാവിലെ 11 മണിയോടെ താജുദ്ദീന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടിയിട്ടും തുറക്കാതിരുന്നതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോള്‍ ഉമൈറയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.

ഷാള്‍ മുറിച്ചുമാറ്റി യുവതിയെ ഉടന്‍ തന്നെ ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമായിട്ടില്ല. ഉമൈറ കുറച്ചുദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. താജുദ്ദീന്‍ ഈ മാസം അവസാനും ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here