പണം, മദ്യം, മയക്കുമരുന്ന്; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് EC പിടിച്ചെടുത്തത് 1760കോടി

0
176

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി 1760 കോടിയിലേറെ വിലമതിക്കുന്ന പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, മറ്റു വസ്തുവകകള്‍ എന്നിവ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബര്‍ ഒമ്പത് മുതല്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തവയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തെലങ്കാനയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അനധികൃത പണം ഉള്‍പ്പെടെ കണ്ടെത്തിയത്. 659.2 കോടി മൂല്യമുള്ള വസ്തുവകകള്‍ ഇവിടെനിന്നും പിടികൂടി. രാജസ്ഥാനില്‍നിന്ന് 650.7 കോടി മൂല്യമുള്ള വസ്തുക്കളും പിടിച്ചെടുത്തു. മധ്യപ്രദേശ്- 323.7 കോടി, ഛത്തീസ്ഗഢ് – 76.9 കോടി, മിസോറാം – 49.6 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പിടിച്ചെടുത്തവയുടെ കണക്ക്. 2018 നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി പിടിച്ചെടുത്ത അനധികൃത വസ്തുവകകളെക്കാള്‍ ഏഴിരട്ടി മൂല്യമുള്ള വസ്തുവകകളാണ് ഇത്തവണ പിടികൂടിയത്. കഴിഞ്ഞ തവണ 239.15 കോടി രൂപ വില മതിക്കുന്ന പണവും മദ്യവും വിലപിടിപ്പുള്ള ലോഹങ്ങളുമാണ് കമ്മീഷന്‍ പിടിച്ചെടുത്തത്.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, നാഗാലന്‍ഡ്, മേഘാലയ, ത്രിപുര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 1400 കോടി രൂപയിലേറെ മൂല്യമുള്ള വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് സമയത്ത് പിടിച്ചെടുത്തതിനെക്കാള്‍ 11 ഇരട്ടിയിലേറെയായിരുന്നു ഇത്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നേരത്തെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ നവംബര്‍ 25, നവംബര്‍ 30 തീയതികളിലാണ് വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here