വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
96

കാസര്‍കോട്: കാസര്‍കോടിനോടുള്ള പ്രതിബദ്ധത പുലര്‍ത്തിയതിന്റെയും വാക്ക് പാലിച്ചതിന്റെയും അഭിമാനത്തോടെ കാസര്‍കോട് ബാങ്ക് റോഡില്‍ വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിന്‍ടെച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ് എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ മുഖ്യാതിഥികളായിരുന്നു.

ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാന്‍ നൂറുക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. വിന്‍ടെച്ച് ഗ്രൂപ്പ് ഡയറക്ടര്‍മാരായ അബ്ദുല്‍ കരീം കോളിയാട്, ഹനീഫ് അരമന, ഡോ. ഹസീന ഹനീഫ്, മാനേജിംഗ് ഡയറക്ടര്‍ ഡോ. ഇസ്മയില്‍ ഫവാസ്, ഡയരക്ടര്‍മാരായ ഡോ. ആയിഷത്ത് ഷക്കീല, മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഇര്‍ഷാദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡാനിഷ് അന്‍വര്‍ എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.
സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. അബൂബക്കര്‍, കല്ലട്ര മാഹിന്‍ ഹാജി, എം.പി. ഷാഫി ഹാജി, കൊവ്വല്‍ ആമു ഹാജി, ഡോ. യൂസഫ് കുമ്പള, ഡോ. അലി കുമ്പള തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, വ്യാവസായിക രംഗത്തെ പ്രമുഖരും പ്രശസ്തരായ ഡോക്ടര്‍മാരും അടക്കമുള്ളവര്‍ സംബന്ധിച്ചു.

അഞ്ചുനിലകളോട് കൂടിയ, നൂറ് ബെഡ്ഡുകളും അത്യാധുനിക ചികിത്സാ ഉപകരണങ്ങളുമുള്ള ആശുപത്രിയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ഡയബിറ്റ് സ്പെഷ്യല്‍ കെയര്‍ തുടങ്ങി മികച്ച സ്പെഷ്യാലിറ്റി സൗകര്യം ലഭ്യമാണെന്ന് വിന്‍ടെച്ച് ഗ്രൂപ്പ് അറിയിച്ചു. ആദ്യത്തെ ഒരാഴ്ച ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.

ലാബടക്കമുള്ള പരിശോധനകള്‍ക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി 20 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് നേരത്തെ കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയോടെ നിര്‍വഹിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here