ദുബായ്: പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ്സ് ഇൻ്റർനാഷണൽ പ്രസിഡൻ്റ് മിർജാന സ്പോൾജാറിക്കുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഉറപ്പ് നൽകിയത്. ഗാസ മുനമ്പിൽ നിന്നുള്ള കുട്ടികൾക്ക് ആതിഥ്യമരുളാനും സുരക്ഷിതമായ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ചികിത്സ നൽകാനുമുള്ള യുഎഇയുടെ തീരുമാനം പലസ്തീൻ കുട്ടികൾക്ക് വലിയ ആശ്വാസമാകുമെന്ന് റെഡ് ക്രോസ് പ്രതികരിച്ചു.
അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് സർക്കാർ വ്യക്തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇസ്രയേൽ അക്രമണം തുടരുന്നതിനിടെ. കൂടുതൽ വിദേശികൾ വ്യാഴാഴ്ച ഗാസ മുനമ്പ് വിടാൻ തയ്യാറായി. റഫാ അതിർത്തിയിലൂടെ ഗുരുതരമായി പരിക്കേറ്റ പലസ്തീൻ കാരും 320 വിദേശ പൗരന്മാരും ബുധനാഴ്ച ഈജിപ്തിലേക്ക് കടന്നു.
ഗാസ സിറ്റിയിലെ അൽ-ഖുദ്‌സ് ആശുപത്രിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ഉടൻ തന്നെ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേലി അധികൃതർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് യുഎൻ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. ഇതുവരെ 8500ലേറെ പലസ്തീനിയൻ പൗരന്മാരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 40ശതമാനത്തിലേറെ കുട്ടികളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെപ്പേരും കൊല്ലപ്പെട്ടു.