യാത്രികരേ ഇതിലേ ഇതിലേ…ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം

0
223

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരെ മാടിവിളിച്ച് തായ്‍ലാന്‍ഡ്. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി തായ്‍ലാന്‍ഡും പ്രവേശന നിയമങ്ങള്‍ ലഘൂകരിക്കുകയാണ്. ഇന്ത്യ, തായ്‍വാന്‍ എന്നീ രാജ്യക്കാര്‍ക്ക് തായ്‍ലാന്‍ഡ് സന്ദര്‍ശിക്കാന്‍ വിസ വേണ്ട. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തൊനേഷ്യ, തായ്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് അടുത്തിടെ ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തായ്‍ലാന്‍ഡും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നത്.

നവംബര്‍ 10 മുതല്‍ ഇന്ത്യക്കാര്‍ക്ക് തായ്‍ലാന്‍ഡിലേലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. 2023 നവംബര്‍ 10 മുതല്‍ 2024 മേയ് 10 വരെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്യാനാകുക. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് 2023ന്‍റെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൂചിക പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 57 രാജ്യങ്ങളിലാണ് പ്രവേശനം സാധ്യമാകുക. ഈ പട്ടികയില്‍ വിസയില്ലാ യാത്ര, വിസ ഓണ്‍ അറൈവല്‍, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ എന്നീ സൗകര്യങ്ങള്‍ നല്‍കുന്ന രാജ്യങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുന്ന രാജ്യങ്ങളില്‍ ചിലത്, കുക്ക് ഐലന്‍ഡ്സ്, മൗറീഷ്യസ്, ഭൂട്ടാന്‍, ഹോങ്കോങ്, ബാര്‍ബഡോസ്

സീഷെല്‍സ്, മാലിദ്വീപ്, ഇന്തൊനേഷ്യ, സമോവ, താന്‍സാനിയ, മാര്‍ഷല്‍ ഐലന്‍ഡ്സ്, പലാവു ഐലന്‍ഡ്സ്, ഇറാന്‍, തുവാലു,ജോര്‍ദാന്‍, കംബോഡിയ, സെന്‍റ് ലുസിയ, ലാവോസ്, മ്യാന്‍മര്‍, ബൊളീവിയ, കോമ്രോ ഐലന്‍ഡ്സ്, സിംബാവേ എന്നീ രാജ്യങ്ങളിലുള്‍പ്പെടെ വിസ ഓണ്‍ അറൈവല്‍ സൗകര്യവും ഇന്ത്യക്കാര്‍ക്ക് ലഭിക്കും.

അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ അടുത്തിടെ ശ്രീലങ്ക മന്ത്രി സഭ തീരുമാനിച്ചിരുന്നു.  നിലവിൽ രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്ക് നല്കേണ്ടത്. ബിസിനസ് വിസയാണെങ്കിൽ രണ്ടായിരത്തി എണ്ണൂറും. ഈ തുക പൂർണ്ണമായും വേണ്ടെന്ന് വയ്ക്കാനാണ് ശ്രീലങ്ക തീരുമാനിച്ചത്. ശ്രീലങ്കൻ വിസയ്ക്ക് പണം നല്കാതെ ഓൺലൈനിൽ അപേക്ഷ നല്കാം. അപേക്ഷ നല്കിയവർക്ക് വിമാനത്താവളത്തിൽ ഓൺ അറൈവൽ വിസ സ്വീകരിക്കാനും സൗകര്യം ഉണ്ടാകും. ഇന്ത്യയ്ക്കു പുറമെ ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാർക്കും ശ്രീലങ്ക വിസ സൗജന്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here