തിരുവനന്തപുരം: കേരളീയം 2023 പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ മന്ത്രി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ഫിറോസ് ശിവന്‍കുട്ടിയെ കണ്ടത്. മലയാളികളുടെ ഭക്ഷണപ്രിയത്തെ കുറിച്ചും ഫിറോസിന്റെ വീഡിയോകളെ കുറിച്ചുമാണ് മന്ത്രി പ്രധാനമായും ചോദിച്ചറിഞ്ഞത്.
സംഭാഷണത്തിനിടെ ഭാവിയില്‍ ഹോട്ടല്‍ തുടങ്ങുമോ എന്ന മന്ത്രിയുടെ ചോദ്യത്തിന് താല്‍പര്യമില്ലെന്ന മറുപടിയാണ് ഫിറോസ് ചുട്ടിപ്പാറ നല്‍കിയത്. അതിനുള്ള കാരണമായി ഫിറോസ് പറഞ്ഞത് ഇങ്ങനെ: ”ഹോട്ടല്‍ ബിസിനസ് റിസ്‌കാണ്. കഴിക്കുന്ന ഭക്ഷണവിഭാഗങ്ങളുടെ ടേസ്റ്റ് ആളുകള്‍ക്ക് പ്രധാനമാണ്. ടേസ്റ്റ് കൂട്ടാന്‍ മായങ്ങള്‍ ചേര്‍ക്കേണ്ടി വരും. ഞങ്ങള്‍ ഒന്നിലും മായങ്ങള്‍ ഉപയോഗിക്കാറില്ല. അതിന് മനസ് അനുവദിക്കില്ല. മായങ്ങള്‍ ഇല്ലാത്ത ഫുഡിന് ടേസ്റ്റ് കുറവായിരിക്കും. ഹോട്ടല്‍ ബിസിനസിനോട് താല്‍പര്യമില്ല.”
വീഡിയോകള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണം പിന്നീട് എന്ത് ചെയ്യുമെന്നും ഫിറോസ് വിശദീകരിച്ചു. വലിയ തോതില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഓര്‍ഫനേജുകളില്‍ കൊണ്ട് കൊടുക്കുന്നതാണ് രീതിയെന്നാണ് ഫിറോസ് മന്ത്രിയോട് പറഞ്ഞത്. പാലക്കാട് സ്വദേശിയായ താന്‍ പാരമ്പര്യമായി കര്‍ഷകനാണ്. ഭക്ഷണത്തോട് താല്‍പര്യമുള്ളത് കൊണ്ടാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയത്. മറ്റുള്ളവര്‍ അപ്പര്‍ ക്ലാസ് ഭക്ഷണവിഭാഗങ്ങളാണ് പരിചയപ്പെടുത്തിയിരുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ നടന്‍ രീതികളിലുള്ള ഭക്ഷണവിഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതെന്നും ഫിറോസ് പറഞ്ഞു. കേരളീയം പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇന്നത്തെ ഭക്ഷ്യമേളയില്‍ ബീഫ് കപ്പ ബിരിയാണിയാണ് ഫിറോസിന്റെ സ്‌പെഷ്യല്‍ എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.