നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും ടി.ടി.ഇ തള്ളിയിട്ടതായി പരാതി

0
223

കോഴിക്കോട്: ജനറൽ കോച്ചിൽ കയറാൻ സാധിക്കാത്തതിനാൽ റിസർവേഷൻ കോച്ചിൽ മാറിക്കയറിയ അമ്മയെയും മകളെയും ടി.ടി.ഇ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ട് 6.25നാണ് സംഭവം. കണ്ണൂർ പാപ്പിനിശേരി സ്വദേശി ഫൈസലിന്‍റെ ഭാര്യ ശരീഫ, 17കാരിയായ മകൾ എന്നിവരെയാണ് ടി.ടി.ഇ തള്ളിയിട്ടതായി റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പ്ലാറ്റ്ഫോമിലേക്ക് വീണ ശരീഫയുടെ കൈക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ഫൈസലും കുടുംബവും. നേത്രാവതി എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്മെന്‍റ് ടിക്കറ്റാണ് ഇവർക്ക് ലഭിച്ചത്. കനത്ത തിരക്കായിരുന്നു ജനറൽ കമ്പാർട്മെന്‍റിൽ. ഫൈസലും മകനും ജനറൽ കമ്പാർട്മെന്‍റിൽ കയറുകയും ഭാര്യയെയും മകളെയും തൊട്ടടുത്ത എസ്2 കമ്പാർട്മെന്‍റിൽ കയറ്റുകയും ചെയ്തു.

ട്രെയിൻ പുറപ്പെടുന്നതിനിടെ ബഹളംകേട്ട ഫൈസൽ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് മകളെയും മറ്റ് രണ്ട് കുട്ടികളെയും ടി.ടി.ഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിറക്കുന്നതാണ്. ഉടനെ മകനോടൊപ്പം ചാടിയിറങ്ങി മകളുടെ അടുത്തെത്തി. ഇതിനിടയിൽ ശരീഫയും പ്ലാറ്റ്ഫോമിൽ കൈ കുത്തി വീണു. തുടർന്ന് ഇവർ ബഹളംവെച്ചതോടെ മറ്റ് യാത്രക്കാരും ആർ.പി.എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശേഷം ഇവർ ടി.ടി.ഇക്കെതിരെ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവം അന്വേഷിച്ചു നടപടിയെടുക്കുമെന്നും ടി.ടി.ഇയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here