ഒരു പന്തില്‍ 13 റണ്‍സ്! നെതര്‍ലന്‍ഡ്‌സിനെതിരെ അത്യപൂര്‍വ നേട്ടം സ്വന്തമാക്കി കിവീസ് താരം മിച്ചല്‍ സാന്‍റ്നര്‍

0
153

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓള്‍റൗണ്ട് പ്രകടനമാണ് ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ 17 പന്തില്‍ 36 റണ്‍സാണ് സാന്റ്‌നര്‍ നേടിയത്. ഇതില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടും. മത്സരത്തിലെ താരമായതും സാന്റ്‌നര്‍ തന്നെ. സാന്റ്‌നറുടെ കരുത്തില്‍ 99 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് നേടിയത്.

നെതര്‍ലന്‍ഡ്‌സ് പേസര്‍ ബാസ് ഡീ ലീഡെയുടെ ഒരു പന്തില്‍ 13 റണ്‍സ് നേടാനും സാന്റ്‌നര്‍ക്കായി. ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് സാന്റ്‌നര്‍ അത്യപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 50-ാം ഓവറിലെ അവസാന പന്തില്‍ സാന്റ്‌നര്‍ സിക്‌സ് നേടിയിരുന്നു. എന്നാല്‍ ആ പന്ത് നോബൗളായി വിളിക്കുകയും ചെയ്തു. ഡീ ലീഡെയ്ക്ക് ഒരു പന്ത് കൂടി എറിയേണ്ടിവന്നു. ആ പന്തിലും സാന്റ്‌നര്‍ സിക്‌സ് നേടി. വീഡിയോ കാണാം…

ഹെദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 99 റണ്‍സിന്റെ ജയമാണ് കിവീസ് സ്വന്താക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. വില്‍ യംഗ് (70), രചിന്‍ രവീന്ദ്ര (51), ടോം ലാഥം (53) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡാരില്‍ മിച്ചല്‍ (48) മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗില്‍ ഡച്ചുപട 46.3 ഓവറില്‍ 223 റണ്‍സിന് കൂടാരം കയറി. 10 ഓവര്‍ എറിഞ്ഞ സാന്റ്‌നര്‍ 59 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. ലോകകപ്പില്‍ ആദ്യമായിട്ടാണ് താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here