ആനന്ദം, പരമാനന്ദം! പാകിസ്ഥാന്റെ തോല്‍വി നൃത്തം ചെയ്ത് ആഘോഷിച്ച് ഇര്‍ഫാന്‍ പത്താന്‍; കൂടെ റാഷിദ് ഖാനും – വീഡിയോ

0
249

ചെന്നൈ: ഏകദിന ലോകകപ്പിലെ വിസ്മയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. കിരീട സാധ്യതയുള്ള രണ്ട് ടീമുകളെയാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ഇംഗ്ലണ്ട്. അതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പലരും വിലയിരുത്തിയെങ്കിലും ഇന്നലെ പാകിസ്ഥാനെയും തോല്‍പ്പിച്ചു. ഇതോടെ, ആരാധകര്‍ക്ക് മാറ്റിപറയേണ്ടിവന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍  282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു.

മത്സരശേഷം വിലയ ആഘോഷങ്ങള്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ആഘോഷത്തില്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താനും പങ്കാളിയായി. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്താണ് ഇര്‍ഫാന്‍, പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കിയത്. വീഡിയോ കാണാം…

അടുത്തിടെ പാകിസ്ഥാനില്‍ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ നടന്ന മോശം പെരുമാറ്റങ്ങളുടെ വാര്‍ത്തകള്‍ ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റത്തിന് പാകിസ്ഥാന്‍ ടീം മാനേജ്മെന്റ് ഐസിസിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പത്താന്റെ പോസ്റ്റ്. പെഷവാറില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ കാണികളിലൊരാള്‍ തനിക്ക് നേരെ ഇരുമ്പാണി എറിഞ്ഞുവെന്നും അത് തന്റെ മുഖത്ത് കൊണ്ടുവെന്നും ഇര്‍ഫാന്‍ പറയുന്നു. ഇപ്പോള്‍ പാകിസ്ഥാന്റെ തോല്‍വി താരം ആഘോഷമാക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാന്‍ (87), റഹ്‌മാനുള്ള ഗുര്‍ബാസ് (65), റഹ്‌മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. തോല്‍വിയോടെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ സങ്കീര്‍ണമായി.

LEAVE A REPLY

Please enter your comment!
Please enter your name here