ഹെല്‍മറ്റില്ല, ഓടുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് റൊമാന്‍സ്; 8000 പിഴയിട്ട് പൊലീസ്

0
253

അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്ന യുവതീ യുവാക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റു ചിലരാകട്ടെ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി ബൈക്ക് യാത്രക്കിടെ സ്നേഹ പ്രകടനം നടത്തുന്നു. അത്തരമൊരു സ്നേഹ പ്രകടനത്തിന് ഉത്തര്‍പ്രദേശിലെ ഹാപുര്‍ പൊലീസ് 8000 രൂപ പിഴയിട്ടു.

ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ  മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയത്. ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.

സിംഭവാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാത 9 ലാണ് സംഭവം നടന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാപുർ പൊലീസ് ദമ്പതികൾക്ക് കനത്ത പിഴ ചുമത്തിയത്. മോട്ടോർ വാഹന നിയമ പ്രകാരം ബൈക്ക് യാത്രികനിൽ നിന്ന് 8000 രൂപ പിഴ ചുമത്തുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇക്കാര്യം ഹാപുര്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

നേരത്തെ ദില്ലിയില്‍ നിന്നും സമാനമായ  വീഡിയോ പുറത്തു വന്നിരുന്നു. ഓടുന്ന ബൈക്കിലിരുന്ന് പ്രണയിച്ചവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ട്രാഫിക് പൊലീസിന്‍റെ  ശ്രദ്ധയിൽ പെട്ടതോടെ കേസെടുത്തു. ഹെൽമറ്റും ലൈസൻസും ഇല്ലാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്.  11000 രൂപയാണ് പിഴ ചുമത്തിയത്.

ജയ്പൂരില്‍ നിന്നും ഇത്തരമൊരു ദൃശ്യം പുറത്തുവന്നിരുന്നു. ബുള്ളറ്റ് ഓടിക്കുമ്പോള്‍ യുവാവ് പിന്നില്‍ ഇരിക്കുന്ന യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. യുവാവും യുവതിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്ന കേസിലാണ് യുവാവിനെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here