‘സൗഹൃദത്തോടെയാണ് അവർ പെരുമാറിയത്, എല്ലാ കാര്യങ്ങളും നോക്കി’; ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിത

0
139

തെൽ അവീവ്: ഹമാസ് പോരാളികൾ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതരായ ഇസ്രായേലി വനിത യോഷേവെദ് ലിഫ്ഷിറ്റ്‌സ്. ഒരുപാട് നാൾ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീർഘകാല പദ്ധതിയുണ്ട് എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. മോചിതയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിഫ്ഷിറ്റ്‌സ്.

‘ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവർ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂർവ്വമായിരുന്നു അവരുടെ പെരുമാറ്റം. അവർ ഞങ്ങൾക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാൽക്കട്ടിയും കക്കിരിയുമായിരുന്നു ഞങ്ങളുടെ ദിനേനയുള്ള ഭക്ഷണം. അവർ നന്നായി തയ്യാറെടുത്ത പോലെയുണ്ട്. ദീർഘനാൾ ഞങ്ങളെ മറച്ചുവയ്ക്കാൻ അവർക്കായി.’- അവർ പറഞ്ഞു.

മോചിപ്പിക്കുന്ന വേളയിൽ ഇവർ ഹമാസ് പോരാളിയെ ഹസ്തദാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ്, ഹമാസ് സേന സൗഹൃദപൂർവ്വമാണ് പെരുമാറിയത് എന്ന് ലിഫ്ഷിറ്റ്‌സ് മറുപടി നൽകിയത്. 85കാരിയായ ലിഫ്ഷിറ്റ്‌സിനെ കൂടാതെ 79 വയസ്സുള്ള നൂറിത് കൂപ്പർ എന്ന വനിതയെയും ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. റെഡ്‌ക്രോസ് വഴിയായിരുന്നു ഇവരുടെ കൈമാറ്റം.

ഒക്ടോബർ ഏഴിന് നടന്ന അതിർത്തി ഭേദിച്ച് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ 220 പേരെയാണ് ബന്ദികളാക്കി എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് രണ്ട് അമേരിക്കൻ പൗരന്മാരെയും ഹമാസ് മോചിപ്പിച്ചിരുന്നു. മാനുഷിക പരിഗണന വച്ചാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here