യാംബു: ജ്യോതിശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും തൽപരരായവർക്ക് സന്തോഷ വാർത്ത. ഈ വർഷം അവസാനമായി സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ശനിയാഴ്ച സൗദിയിലും ദൃശ്യമാകുമെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എൻജി. മാജിദ് അബു സഹ്‌റ പറഞ്ഞു. രാത്രി 10.35നും 11.52നും ഇടയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ഒരു മണിക്കൂർ 17 മിനിറ്റ് നീണ്ടുനിൽക്കും. ഭാഗിക ഗ്രഹണം ആരംഭിച്ച് 39 മിനിറ്റിനുശേഷം രാത്രി 11.14ന് ഏറ്റവും നല്ല ആകാശ കാഴ്ച്ചയൊരുക്കുമെന്നും 10 മിനിറ്റിനുശേഷം ചന്ദ്രൻ പതിയെ രൂപമാറ്റം പ്രാപിക്കുന്നതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ഉപകരണങ്ങളോ സാമഗ്രികളോ ഉപയോഗിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഭാഗിക ചന്ദ്രഗ്രഹണം കാണാനാകും. ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ച് ചന്ദ്രന്‍റെ വിവിധ രൂപങ്ങൾ നന്നായി കാണാൻ കഴിയും. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ അവ കണ്ണിനെ ബാധിക്കില്ലെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ട ആവശ്യമില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.