ഇംഗ്ലണ്ടിന് ഒട്ടും നല്ല സമയമല്ല. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലേക്ക് ഉള്ള യാത്ര ഉണ്ടാകുമോ എന്നത് ഇപ്പോൾ തന്നെ സംശയത്തിലായ ടീമിന് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളറായ റീസ് ടോപ്‌ലി പരിക്കേറ്റ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 229 റൺസിന് തോറ്റതിന് പിന്നാലെയാണ് ഈ ദൗർഭാഗ്യകരമായ വാർത്ത പുറത്തുവന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്.
സൗത്ത് ആഫ്രിക്കക്ക് എതിരായ മത്സരത്തിലാണ് ടോപ്‌ലിക്ക് പരിക്കേറ്റത്. വൈദ്യചികിത്സയ്‌ക്ക് വിധേയനായി, കുറച്ച് സമയത്തേക്ക് താരം ഫീൽഡ് വിട്ടിരുന്നു. ആ മത്സരത്തിലേറ്റ പരിക്ക് എന്തായാലും ഗുരുതരമായതോടെയാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത് എന്നത് പറയാം.
29-കാരനായ അദ്ദേഹം ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മികച്ച ബൗളറായിരുന്നു, മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ നേടി ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് തൊട്ടുപിന്നാലെ ശനിയാഴ്ച മുംബൈയിൽ നടത്തിയ സ്കാനിംഗിൽ ടോപ്ലിയുടെ പരിക്കിന്റെ വ്യാപ്തി വെളിപ്പെട്ടതെന്ന് ഇസിബി റിപ്പോർട്ട് ചെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിൽ അദ്ദേഹം യുകെയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. പരിക്കിൽ നിന്ന് മുഖത്താനായി തിരിച്ചെത്താൻ ഇംഗ്ലണ്ടിലെയും സറേയിലെയും മെഡിക്കൽ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കും.
താരത്തിന് പകരക്കാരനായി ജോഫ്ര ആർച്ചർ വരുമെന്ന് ആയിരുന്നു കരുതപെട്ടത്. എന്തായാലും അത് ഉണ്ടാകില്ല എന്നത് പരിശീലകൻ സ്ഥിതീകരിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നിലവിൽ നാല് കളികളിൽ ഒരു ജയവുമായി ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. വ്യാഴാഴ്ച ബംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം.