റിയാസ് മൗലവി വധക്കേസ്; വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ കേസ് 27ലേക്ക് മാറ്റിവെച്ചു

0
124

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒക്ടോബര്‍ 27ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും പൂര്‍ത്തിയായ കേസ് ഇന്നലെ കോടതി പരിഗണിച്ചിരുന്നു.

അനുകൂല വിധി നേടുന്നതിനായി പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും വിവിധ സുപ്രീംകോടതി, ഹൈക്കോടതി വിധികളിലെ പ്രധാനപരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി. വിധി ഈ മാസം തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, കേളുഗുഡ്ഡെയിലെ നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 90 ദിവസത്തിനകം തന്നെ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡി.എന്‍.എ പരിശോധനാഫലം അടക്കമുള്ള 50ലേറെ രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here