300 ല്‍ കൂടുതല്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 40 മ‍ൃതദേഹങ്ങള്‍ കണ്ടെത്തി; 167 പേരെ കാണാനില്ല

0
181

ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതായി. 40 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തകര്‍ 189 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍യാണ് ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ ബോട്ട് അപകടമുണ്ടായത്. ബോട്ടില്‍ 300 അധികം യാത്രക്കാരും ധാരാളം സാധനങ്ങളുമുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവിൽ സൊസൈറ്റി ഗ്രൂപ്പ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എംബന്തക (Mbandaka) നഗരത്തില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ഇക്വാറ്റൂര്‍ പ്രവിശ്യയിലെ ബൊലോംബ (Bolomba) പ്രദേശത്തേക്ക് പുറപ്പെട്ട ബോട്ട്, അമിതഭാരം കാരണം നിയന്ത്രണം നഷ്ടമാവുകായിരുന്നെന്ന് രക്ഷപ്പെട്ട ഒരാൾ റേഡിയോ ഒകാപിയോട് പറഞ്ഞു. റോഡ് ഗതാഗതം കുറവായ കോംഗോയില്‍ യാത്രാ ബോട്ടുകള്‍ സാധാരണമാണ്.

കോംഗോ നദിയില്‍ മുങ്ങിയ ബോട്ട് സാധാരണ ബോട്ടാണ്. പഴക്കംചെന്ന ബോട്ടുകളുടെ അറ്റകുറ്റപണി വൈകുന്നതും രാത്രി യാത്രകളും അമിതമായ ഭാരം കയറ്റുന്നതും ഡെമോക്രാറ്റിക് കോംഗോയില്‍ ബോട്ട് അപകടങ്ങള്‍ പതിവാക്കുന്നു. ഇത്തരം ബോട്ടുകളില്‍ സുരക്ഷാ ഉപകരണങ്ങളോ ലൈഫ് ജാക്കറ്റുകളോ ഉണ്ടാകാറില്ല. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് ബോട്ട് രാത്രി യാത്ര ചെയ്തതെന്ന് അധികൃതർ അറിയിച്ചു. അപകടത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി രാജ്യത്തെ പ്രതിപക്ഷ നേതാവും ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ മോയിസ് കടുമ്പി പറഞ്ഞു.

ജീര്‍ണ്ണിച്ചതും അമിതഭാരമുള്ളതുമായ ബോട്ടുകള്‍ രാത്രി യാത്രയ്ക്ക് ഉപയോഗിക്കുന്നത് സര്‍ക്കാറിന്‍റെ പിടിപ്പ് കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 ലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായി രാജ്യത്തെ റേഡിയോ സ്റ്റേഷൻ റിപ്പോര്‍ട്ട് ചെയ്തു അതേ സമയം 50 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നായിരുന്നു പ്രാദേശിക സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ കോൺഷ്യസ് ജനറേഷൻ പറഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുമെന്ന് ഇക്വാറ്റൂര്‍ പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചതായി യുഎൻ-ലിങ്ക്ഡ് റേഡിയോ ഒകാപി റിപ്പോർട്ട് ചെയ്തു. ഇക്വാറ്റൂര്‍ പ്രവിശ്യയിലാണ് അപകടം നടന്ന സ്ഥലം.

LEAVE A REPLY

Please enter your comment!
Please enter your name here