വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ അദ്ധ്യാപകന് ദാരുണാന്ത്യം; ആക്രമണം ക്ലാസില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തതിന്

0
174

ഒഡിഷയില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപകന്‍ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 22ന് ആയിരുന്നു സംഭവം നടന്നത്. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പികെഎസ്എസ് കോളേജിലെ ലക്ചറര്‍ അമിത് ബാരിക്കാണ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമിത് ഏഴ് മാസമായി ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിരമായി ക്ലാസില്‍ വിദ്യാര്‍ത്ഥി വൈകി വരുന്നതിനെ അമിത് ചോദ്യം ചെയ്തതാണ് ക്രൂര മര്‍ദ്ദനത്തിന് കാരണമായത്. അമിതിനെ മര്‍ദ്ദിച്ച പ്രതി എല്ലാ ദിവസവും ക്ലാസില്‍ വൈകിയാണ് എത്തിയിരുന്നത്. സംഭവ ദിവസവും ഇയാള്‍ വൈകിയെത്തിയത് അമിത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളോട് പ്രിന്‍സിപ്പലിനെ കണ്ട ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് അമിത് നിര്‍ദ്ദേശം നല്‍കി.

ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി അമിതിനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് അദ്ധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ അമിതിന് ഗുരുതരമായി പരിക്കേറ്റു. അമിതിനെ ആദ്യം ഝര്‍സുഗുഡ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിംസര്‍ ആശുപത്രിയിലേക്കും മാറ്റി. പ്രതിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പേരില്‍ കൊലക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here