കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി; വിദ്യാര്‍ഥിനി മരിച്ചു

0
218

കിഴുത്തള്ളി (കണ്ണൂര്‍): റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഐ.ടി.ഐ. വിദ്യാര്‍ഥിനി മരിച്ചു. തോട്ടട ഗവ. ഐ.ടി.ഐ. വയര്‍മാന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി താഴെ ചൊവ്വ ഉരുവച്ചാല്‍ പുതിയപുരയില്‍ എം.നസ്നി (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. ഐ.ടി.ഐ. വിട്ട് കിഴുത്തള്ളി ബസ്സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ് പറഞ്ഞു.

സഹപാഠിയുടെ ദാരുണാന്ത്യം കണ്ണീരുണങ്ങാതെ കൂട്ടുകാരികള്‍

സഹപാഠിയുടെ ദാരുണാന്ത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായണ് തോട്ടട ഗവ. ഐ.ടി.ഐ. വിദ്യാര്‍ഥിനികള്‍. സമീപകാലത്താണ് ഒന്നാംവര്‍ഷ വയര്‍മെന്‍ ക്ലാസ് ആരംഭിച്ചത്. റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാണ് നസ്‌നി അപകടത്തില്‍പ്പെട്ടത്.

ക്ലാസ് കഴിഞ്ഞ് വയര്‍മെന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് കിഴുത്തള്ളി ബസ് സ്റ്റോപ്പിലേക്ക് നടന്നുവന്നത്. തോട്ടട ബസ്സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറാനുള്ള തിരക്ക് കാരണമാണ് കുട്ടികള്‍ കിഴുത്തള്ളി സ്റ്റോപ്പിലേക്ക് വരുന്നതെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരങ്ങളില്‍ തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ ബസുകള്‍ കുറവാണെന്നും ഇത് യാത്രക്ലേശം വര്‍ധിപ്പിക്കുന്നതായും പരാതിയുണ്ട്.

എസ്.എന്‍. കോളേജ്, എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസ്., ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, തോട്ടട ഗവ. വി.എച്ച്.എസ്.എസ്., ഗവ. ഐ.ടി.ഐ., ഗവ. വനിത ഐ.ടി.ഐ., ഗവ. പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ കുട്ടികളെക്കൊണ്ട് വൈകുന്നേരങ്ങളില്‍ ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ യാത്രാ ക്ലേശമുണ്ടാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here