അമ്മ സോണിയാ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടെ സര്‍പ്രൈസ്; ഹൃദ്യമായ വീഡിയോ കാണാം…

0
183

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പലപ്പോഴും, രാഷ്ട്രീയക്കാരെ കുറിച്ചും നേതാക്കന്മാരെ കുറിച്ചുമെല്ലാം ജനം കരുതിവച്ചിരിക്കുന്ന പല പരമ്പരാഗത സങ്കല്‍പങ്ങളെയും തകര്‍ത്ത് മുന്നേറുന്നൊരാള്‍ കൂടിയാണ്. സമൂഹത്തോട് വ്യത്യസ്തമായൊരു സമീപനമാണ് രാഹുല്‍ എപ്പോഴും പുലര്‍ത്താറുള്ളത്. കാല്‍പനികത, ആത്മീയത, അതിനൊപ്പം തന്നെ രാഷ്ട്രീയ കണിശത എല്ലാം രാഹുല്‍ ഗാന്ധിയില്‍ മാറിമാറി വരുന്നത് അദ്ദേഹത്തെ നിരീക്ഷിച്ചുകഴിഞ്ഞാല്‍ നമുക്ക് മനസിലാകും.

കലാ-കായിക മേഖലയിലും, സയൻസിലും, ചരിത്രത്തിലും എന്നുവേണ്ട എല്ലാ വിഷയത്തിലും അല്‍പമെങ്കിലുമൊരു താല്‍പര്യം കാണിക്കാനും അവയുമായെല്ലാം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും രാഹുല്‍ ശ്രമിക്കാറുള്ളത് പലപ്പോഴും നമുക്ക് കാണാൻ സാധിക്കും.

സാധാരണഗതിയില്‍ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ വീട്- ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യത പാലിക്കാറുണ്ട്. പല കാരണങ്ങളാകാം ഇതിന് പിന്നില്‍. എന്നാല്‍ രാഹുല്‍ ഇക്കാര്യത്തിലും വ്യത്യസ്തനാണ്. അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരുമായി പരസ്യമായി സ്നേഹപ്രകടനങ്ങള്‍ കാണിക്കാനും അവരുടെ കൂടെ ചെലവിടുന്ന സമയങ്ങളെ ഡോക്യുമെന്‍റ് ചെയ്ത് അത് ഏവരുമായി പങ്കിടാനുമൊന്നും രാഹുല്‍ മടിക്കാറില്ല.

ഇപ്പോഴിതാ അമ്മ സോണിയാ ഗാന്ധിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിന്‍റെ വീഡിയോ ആണ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരിക്കുന്നത്. തന്‍റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുല്‍ ഇതിന്‍റെ പൂര്‍ണമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭംഗിയുള്ള, കുഞ്ഞൊരു വളര്‍ത്തുപട്ടിയെ ആണ് അമ്മയ്ക്ക് രാഹുല്‍ സമ്മാനിച്ചിരിക്കുന്നത്. നൂറീ എന്ന് പേരുള്ള ഈ പട്ടിക്കുഞ്ഞിനെ എടുക്കാൻ പോകുന്നത് മുതലുള്ള കാര്യങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ഏറെ ഹൃദ്യമായിട്ടുണ്ട് വീഡിയോ എന്നാണ് കണ്ട മിക്കരും കമന്‍റ് ചെയ്തിരിക്കുന്നത്.

ഗോവയില്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യുന്ന രാഹുലിനെയും വീഡിയോയില്‍ കാണാവുന്നതാണ്. യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ട സന്തോഷം അടക്കാനാകാതെ അദ്ദേഹത്തോട് സംസാരിക്കുകയും ഫോട്ടോ പകര്‍ത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എല്ലാം സന്തോഷപൂര്‍ം സ്വീകരിക്കുന്ന രാഹുലും ഏറെ പോസിറ്റിവിറ്റി പകരുന്ന കാഴ്ചയാണെന്നും നിരവധി പേര്‍ കമന്‍റ് ചെയ്കിരിക്കുന്നു.

സമ്മാനം നല്‍കാൻ വീട്ടിലെത്തിയപ്പോള്‍ ആദ്യം പുറത്തുവരാൻ സോണിയാ ഗാന്ധി അല്‍പം മടി കാണിക്കുന്നുണ്ടെങ്കിലും പിന്നീട് സോണിയാ ഗാന്ധിയും മകന്‍റെ വ്യത്യസ്തമായ സമീപനത്തില്‍ സന്തോഷപൂര്‍വം എല്ലാം മറന്ന് പങ്കാളിയാകുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. നൂറിയെ സോണിയയ്ക്കും ഏറെ പിടിച്ചുവെന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് സോണിയയുടെ മറ്റൊരു വളര്‍ത്തുപട്ടിയുമായി നൂറി കളിക്കുന്നതും മറ്റും വീഡിയോയില്‍ കാണാം.

രാഹുല്‍ ഗാന്ധി പങ്കുവച്ച വീഡിയോ പൂര്‍ണരൂപത്തില്‍ കണ്ടുനോക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here