പൂനെ: ഡ്രീം 11 ഗെയിം കളിച്ച് കോടീശ്വരനായ പൊലീസുകാരനെ അധികൃതർ സസ്പെൻഡുചെയ്തു.മോശം പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂനെ പൊലീസ് സബ് ഇൻസ്‌പെക്ടറായ സോംനാഥ് ഷിൻഡെയെ സസ്പെൻഡുചെയ്തത്. അനുമതിയില്ലാതെ ഓൺലൈൻ ഗെയിം കളിച്ചു, പൊലീസ് യൂണിഫോം ധരിച്ച് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകി എന്നീ കുറ്റങ്ങൾ നേരത്തേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുകയായിരുന്നു. കൂടുതൽ നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ.
ഗെയിം കളിച്ച് 1.5 കോടിരൂപയാണ് ഷിൻഡെയുടെ അക്കൗണ്ടിലെത്തിയത്.പണം ഉപയോഗിച്ച് വീടുവച്ചപ്പോൾ ഉണ്ടായ കടം തീർക്കാമെന്നും മകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാമെന്നായിരുന്നു സോംനാഥ് ഷിൻഡെയുടെ കണക്കുകൂട്ടൽ. ആ പ്രതീക്ഷയാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷിൻഡെയ്‌ക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും എന്നാണ് അറിയുന്നത്. ഡിസിപി സ്വപ്ന ഗോരെയ്ക്കായിരുന്നു അന്വേഷണ ചുമതല. ഫാന്റസി ഗെയിമിംഗ് ആപ്പ് എന്നാണ് ഡ്രീം 11നെ വിളിക്കുന്നത്. 7535 കോടി ആസ്തിയുള്ള കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് സ്റ്റാർട്ടപ്പാണ്. ഈ ഗെയിം ചൂതാട്ടമാണെന്ന് ആരോപിച്ച് നിരവധി നിയമപരമായ പ്രശ്നങ്ങൾ കമ്പനി നേരിടുന്നുണ്ട്. 2008ൽ സ്ഥാപിച്ച കമ്പനിക്ക് ഇപ്പോൾ 110 മില്യണിലധികം ഉപയോക്താക്കളുണ്ട്.
യുവാക്കളുടെ പ്രിയപ്പെട്ട ഓൺലൈൻ ഗെയിമിംഗ് ആപ്പായിരുന്ന പബ്ജി ഇന്ത്യയിൽ നിരോധിച്ചതോടെ മറ്റ് ഓൺലൈൻ ആപ്പുകൾക്ക് ആരാധകർ കൂടിയത്. അങ്ങനെയാണ് ഡ്രീം 11നും ആരാധകൾ ഒത്തിരി ഉണ്ടായത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾ അഭിനയിച്ച പരസ്യം കൂടി ഹിറ്റായതോടെ ഡ്രീം 11ന് ആരാധകർ ഏറി വന്നു. ഡ്രീം 11ലൂടെ കളിച്ച് പണം നേടിയവരുടെ വാർത്തയും പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.