മലപ്പുറത്തെ പരിപാടിയില്‍ ഹമാസ് നേതാവിന്റെ ഓണ്‍ലൈന്‍ പ്രസംഗം; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

0
164

മലപ്പുറം: മലപ്പുറത്തെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച ഹമാസ് നേതാവ് ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള പൊലീസ്. ഹമാസ് ഖത്തര്‍ നേതാവ് ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിന്റെ മലയാളം പരിഭാഷ പരിശോധിച്ചാണ് പൊലീസിന്റെ നിഗമനം. കേസെടുക്കാന്‍ വകുപ്പില്ല എന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച വൈകിട്ട് യുവജന പ്രതിരോധം എന്ന പേരില്‍ ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചത്.

ഈ പ്രസംഗത്തില്‍ ഓണ്‍ലൈനായി ഖാലിദ് മിഷേല്‍ സംസാരിക്കുകയായിരുന്നു. സംഘാടകര്‍ തന്നെ ഈ വിഡിയോ പുറത്തുവിടുകയും ചെയ്തു. ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎപ്പിഎ ഷെഡ്യൂള്‍ 1ലെ 42 ഭീകര സംഘടനകളില്‍ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.

‘അല്‍ അഖ്‌സ നമ്മുടെ അഭിമാനമാണ്, നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് ആകാശ ലോകത്തേക്ക് മിഅ്‌റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ അഖ്‌സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേല്‍ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീര്‍ക്കുകയാണ്. നമ്മുടെ വീടുകള്‍ അവര്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. അവര്‍ക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കില്‍ വലിയ പരീക്ഷണങ്ങള്‍ ഉണ്ടാവും. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.’- ഖാലിദ് മിഷേല്‍ അറബിയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷയില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here