പോക്‌സോ കേസ്; ആദ്യം 100 വർഷം തടവ് കിട്ടിയ പ്രതിക്ക് രണ്ടാം കേസിൽ 104 വർഷം തടവ്

0
190

അടൂർ: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 100 വർഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു പോക്സോ കേസിൽ 104 വർഷം തടവ്. മുമ്പ് പീഡിപ്പിച്ച മൂന്നരവയസ്സുകാരിയുടെ സഹോദരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെ (32) 104 വർഷം തടവിന് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.

4,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്.

ഈ കേസിൽ, വിനോദിന്റെ അടുത്ത ബന്ധുവും രണ്ടാംപ്രതിയുമായ സ്ത്രീയെ കോടതി താക്കീതുചെയ്ത് വിട്ടയച്ചു. സംഭവം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നതായിരുന്നു സ്ത്രീയുടെ പേരിലുള്ള കുറ്റം.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി ഇപ്പോഴത്തെ കേസിൽ 20 വർഷം ജയിലിൽ കഴിയണം. ആദ്യത്തെ കേസിലും മൊത്തം 20 വർഷം ശിക്ഷയാണ് അനുഭവിക്കേണ്ടത്.

പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടിൽവെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം, രണ്ടാംക്ലാസിൽ പഠിക്കുന്ന എട്ടുവയസ്സുകാരിക്ക് അമ്മ, ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവെ, ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും ഉണ്ടായ പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടർന്നാണ് അടൂർ പോലീസിനെ സമീപിച്ചതും കേസെടുത്തതും. 2021-ൽ അടൂർ സി.ഐ. ആയിരുന്ന ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. സ്മിതാജോൺ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here