ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടിൽ നമസ്കരിച്ച് പ്രാര്‍ഥനയിൽ മുഴുകി പാക് താരം മുഹമ്മദ് റിസ്‌വാൻ-വീഡിയോ

0
156

ഹൈദരാബാദ്: ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടില്‍ നമസ്കരിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍. നെതര്‍ലന്‍ഡ്സ് ഇന്നിംഗ്സിനിടെയായിരുന്നു ഗ്രൗണ്ടിന്‍റെ മധ്യത്തില്‍ റിസ്‌വാന്‍ പ്രാര്‍ത്ഥനാനിരതനായത്. കടുത്ത വിശ്വാസിയായ റിസ്‌വാന്‍ ഇതാദ്യമായല്ല, മത്സരസമയം ഗ്രൗണ്ടില്‍ നമസ്കരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതി കളിക്കുമ്പോഴും റിസ്‌വാന്‍ മത്സരത്തിനിടെ നമസ്കരിച്ചിരുന്നു. ഇന്നലെ മത്സരത്തിന്‍റെ ഡ്രിങ്ക്സ് ബ്രേക്കിനിടെ ടീമിലെ സഹതാരങ്ങളെല്ലാം വെള്ളം കുടിക്കാന്‍ പോയപ്പോഴായിരുന്നു ഗ്രൗണ്ടിന്‍റെ മധ്യത്തില്‍ റിസ്‌‌‌വാന്‍ പ്രാര്‍ത്ഥനക്കായി സമയം കണ്ടെത്തിയത്. പ്രാര്‍ത്ഥനക്ക് ശേഷം റിസ്‌വാനെ ആരാധകര്‍ കൈയടിയോടായാണ് വരവേറ്റത്.

മുമ്പ് അമേരിക്കയിലെത്തിയപ്പോള്‍ റോഡിന്‍റെ വശത്ത് നമസ്കാര പായ വിരിച്ച് നമസ്കരിക്കുന്ന റിസ്‌‌വാന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്നലത്തെ മത്സരത്തില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി പതറിയ പാകിസ്ഥാനെ കരകയറ്റിയത് റിസ്‌വാന്‍റെയും സൗദ് ഷക്കീലിന്‍റെയും അര്‍ധസെഞ്ചുറികളായിരുന്നു.

തുടക്കത്തില്‍ 38-3ലേക്ക് വീണ പാകിസ്ഥാനെ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടിലൂടെ 100 കടത്തി. 75 പന്തില്‍ 68 റണ്‍സെടുത്ത റിസ്‌വാനൊപ്പം 52 പന്തില്‍ 68 റണ്‍സെടുത്ത സൗദ് ഷക്കീലും പാകിസ്ഥാനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49 ഓവറില്‍ 286ന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്സ് 41 ഓവറില്‍ 205 റണ്‍സിന് പുറത്തായി.

120-2 എന്ന മികച്ച നിലയില്‍ നിന്നാണ് നെതര്‍ലന്‍ഡ്സ് പാകിസ്ഥാനെ വിറപ്പിച്ചശേഷം കീഴടങ്ങിയത്. 68 പന്തില്‍ 67 റണ്‍സെടുത്ത ബാസ് ഡി ലീഡും 52 റണ്‍സെടുത്ത വിക്രംജിത് സിങുമായിരുന്നു പാകിസ്ഥാനു വേണ്ടി തിളങ്ങിയത്. മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. 10ന് ഹൈദരാബാദില്‍ ശ്രീലങ്കക്കെതിരെ ആണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here