ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പാകിസ്താന്‍ ടീമിനെ ലക്ഷ്യമിട്ട് അനുചിതമായ പെരുമാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഐസിസിക്ക് പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). എക്‌സിലൂടെ പിസിബി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ മത്സരത്തിനിടെയുണ്ടായ എന്ത് സംഭവത്തിന്റെ പേരിലാണ് പരാതി എന്നത് പിസിബി വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 14-ന് അഹമ്മദാബാദിലായിരുന്നു ഇന്ത്യ – പാക് മത്സരം.
അതോടൊപ്പം, ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള പാകിസ്താന്‍ മധ്യമപ്രവര്‍ത്തകരുടെ വിസ വൈകുന്നതിലും പാകിസ്താന്‍ ആരാധകരുടെ ലോകകപ്പ് വിസ നയത്തിന്റെ അഭാവത്തിലും പിസിബി പരാതി അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് മത്സരത്തിനിടെയുണ്ടായ ചില സംഭവങ്ങളില്‍ ഐസിസിയില്‍ പ്രതിഷേധം അറിയിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് പിസിബി ക്രിക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സാക്ക അഷ്‌റഫിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത – പാക് മത്സരത്തിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കാണികള്‍ ജയ് ശ്രീരാം മുഴക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാന്‍ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹത്തിനു നേര്‍ക്കും കാണികള്‍ ജയ് ശ്രീരാം വിളിക്കുന്ന വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.