കാസർകോട്: വെള്ളം വെള്ളം സർവത്ര, തുള്ളികുടിക്കാനില്ലത്രെ എന്നു പറയുന്നതു പോലെയാണ് കാസർകോടുകാരുടെ തീവണ്ടിയാത്ര സൗകര്യം. വണ്ടികൾ തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും തലങ്ങുംവിലങ്ങും പായുന്നുണ്ട്. എന്നാൽ, സന്ധ്യമയങ്ങും മുമ്പ് വീടെത്താനുള്ള വണ്ടികൾ കാസർകോടുകാർക്കില്ല.
ഒരു ദിവസത്തെ ആവശ്യത്തിനാണെങ്കിലും അടുത്ത നഗരങ്ങളായ കോഴിക്കോടും മംഗളൂരുവിലും മുറിയെടുത്ത് താമസിച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. കണ്ണൂരിൽനിന്ന് തെക്കോട്ടും മംഗളൂരുവിൽനിന്ന് വടക്കോട്ടും നഗരങ്ങൾ തീവണ്ടിയാത്രയുടെ വാതിൽതുറക്കുമ്പോൾ കാസർകോടുകാർ പ്ലാറ്റുഫോമിൽ ഇരുന്ന് വണ്ടിപോകുന്ന കാഴ്ചകൾ കാണാൻ വിധിക്കപ്പെടുന്നു. വൈകീട്ട് ആറരക്ക് കോഴിക്കോട് എത്തിയ ഒരാൾക്ക് കാസർകോട് എത്തണമെങ്കിൽ ഒരു ദിവസം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
തുറമുഖ-വിമാനത്താവള നഗരങ്ങളാണ് കോഴിക്കോടും മംഗളൂരുവും. ഇരു നഗരങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നവരാണ് കാസർകോട് ജില്ലക്കാർ. ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, എയർപോർട്ട് എല്ലാത്തിനും ആശ്രയം മംഗളൂരുവാണ്. എന്നാൽ, ഇവിടെനിന്ന് 6.15ന് ശേഷം തെക്കോട്ടേക്ക് വണ്ടിയില്ല. മംഗളൂരുവിലെ ആശുപത്രികളിൽനിന്ന് മടങ്ങുന്നവർ ഏറെയും അവിടെ തങ്ങേണ്ടിവരുന്നു. പിന്നെയുള്ളത് അർധരാത്രിയിലെ ചെന്നൈ മെയിലാണ്.