ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ വ്യാപകം; ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു

0
154

കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്.

സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് പോലും കുട്ടികള്‍ ഗെയിം കളിക്കാനെത്തുന്നു.
ഓണ്‍ലൈന്‍ ഗെയിം സെന്ററുകളില്‍ ഒരുക്കിയ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാണ് കുട്ടികള്‍ ഗെയിം കളിക്കുന്നത്. ഓരോ കമ്പ്യൂട്ടറിന് മുന്നിലും രണ്ടുവീതം കുട്ടികളാണ് ഇരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 12 മണി വരെ ഗെയിം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അരമണിക്കൂര്‍ കളിക്ക് 40 രൂപയും ഒരു മണിക്കൂര്‍ കളിക്ക് 80 രൂപയുമാണ് ഈടാക്കുന്നത്. 10 വയസു മുതല്‍ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഗെയിം കളിക്കാനെത്തുന്നത്. പല കുട്ടികളും സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ നേരെ ഗെയിം കേന്ദ്രങ്ങളില്‍ എത്തുന്നു. മറ്റു ചില കുട്ടികളാകട്ടെ സ്‌കൂളില്‍ പോലും പോകാതെ കളിയില്‍ മുഴകുന്നു. രണ്ടും മൂന്നും മണിക്കൂര്‍ നേരം പോലും കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുമുണ്ട്.

ഗെയിം കളിക്കുന്നതിനെ വീട്ടുകാര്‍ ചോദ്യം ചെയ്താല്‍ കുട്ടികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് വന്‍തുക തന്നെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഗെയിം കളിക്കാനുള്ള പണത്തിന് വേണ്ടി കുട്ടികള്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് രക്ഷിതാക്കള്‍ക്ക് കടുത്ത തലവേദനയായി മാറുന്നു.

കുട്ടികളെ ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ഗെയിം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സാമ്മാനങ്ങളും നല്‍കുന്നു. ഗെയിം മത്സരം സംഘടിപ്പിക്കുകയും വിജയികളായ കുട്ടികള്‍ക്ക് ഗ്ലാസോ പ്ലേറ്റോ സമ്മാനമായി നല്‍കുകയാണ് ചെയ്യുന്നത്. ഗെയിമിനോട് താല്‍പര്യമില്ലാത്ത കുട്ടികളെ പോലും കൂട്ടത്തോടെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താന്‍ പ്രേരിപ്പിക്കുന്നു.

ഗെയിമിന് അടിമയായ കുട്ടികള്‍ പഠനത്തോട് താല്‍പര്യം കാണിക്കാത്തതും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് തന്നെ ദോഷകരമായി മാറുന്ന ഇത്തരം ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here