അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി താൻ ബാനറോ പോസ്റ്ററോ ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലാണ് ഗഡ്‌കരി മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഈ പുതിയ പ്രഖ്യാപനം നടത്തിയത്. നാഗ്‌പ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഗഡ്‌കരി. അടുത്ത തവണയും അദ്ദേഹം നാഗ്‌പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന് ഉറപ്പായും കരുതാം. ഇന്ത്യയിലെ മികച്ച കേന്ദ്രമന്ത്രിമാരിൽ മുൻപന്തിയിലാണ് ഗഡ‌്‌കരിയുടെ സ്ഥാനം. മഹാരാഷ്ട്രയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ തന്നെ പ്രവർത്തന മികവിന്റെ പേരിൽ ഗഡ്‌കരി പ്രശംസ നേടിയിരുന്നു. അന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ നിരവധി ഹൈവേകളും ഫ്ളൈ ഓവറുകളും റോഡുകളും അദ്ദേഹം പൂർത്തീകരിച്ചു.
കേന്ദ്രഗതാഗതവകുപ്പ് മന്ത്രിയായപ്പോൾ ദേശീയപാതകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനമാണ് ഗഡ്കരിയുടെ നേതൃത്വത്തിൽ നടന്നതും തുടരുന്നതും. റോഡ് നിർമ്മാണത്തിന് ഏറ്റവും ആധുനിക യന്ത്രങ്ങൾക്കാണ് അദ്ദേഹം മുൻതൂക്കം നൽകുന്നത്. സമയമേറെ എടുക്കുന്ന റോഡ് നിർമ്മാണരീതി അദ്ദേഹം പാടെ മാറ്റിമറിച്ചു. പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ കാരണമാണ് റോഡ് നിർമ്മാണം നിലയ്ക്കുന്നത്. ഇത് ഇരുകൂട്ടർക്കും സ്വീകാര്യമായ രീതിയിൽ പരിഹരിക്കുന്നതിൽ ഗഡ്‌കരിയുടെ വൈദഗ്ദ്ധ്യം പ്രശംസനീയമാണ്. കേരളത്തിലെ തന്നെ ദേശീയപാതയുടെ നിർമ്മാണത്തിന് വിഘാതമായി നിലനിന്നിരുന്ന പല തർക്കങ്ങളും പരിഹരിച്ചതും നിർമ്മാണം തുടങ്ങിയതും ഗഡ്‌കരി മുൻകൈയെടുത്തതുകൊണ്ടു കൂടിയാണെന്നത് നിഷേധിക്കാനാവില്ല. നൂതന റോഡ് നിർമ്മാണവിദ്യകൾ അവലംബിച്ചതിലൂടെ ഒരുവശത്ത് നിർമ്മാണച്ചെലവ് കുറയ്ക്കുകയും എന്നാൽ മറുവശത്ത് റോഡ് നിർമ്മാണത്തിന്റെ ഗുണമേന്മ ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും ചെയ്തു എന്നതാണ് ഗഡ്‌കരിയെ വ്യത്യസ്തനാക്കുന്നത്. കേരളത്തിൽ പുതിയതായി ആയിരം കോടിയിലേറെ രൂപ ചെലവ് വരുന്ന നിരവധി പാതകൾ നിർമ്മിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.
രാഷ്ട്രീയക്കാരനെന്ന നിലയിൽ ഈ ബി.ജെ.പി മന്ത്രി പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടി സ്വീകാര്യനാണ്. മികവ് തെളിയിച്ചതിനാൽ ജനങ്ങളും പൊതുവെ ഗഡ്‌കരിയുടെ വാക്കുകൾക്ക് വില നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാനറുകളും പോസ്റ്ററുകളും ഉപയോഗിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും സമൂഹത്തിൽ ചർച്ചയാകണം. ഇലക്‌ഷൻ കാലത്ത് രാജ്യം മുഴുവൻ ബാനറുകളും പോസ്റ്ററുകളും കൊണ്ട് നിറയും. ഇത് സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോത് വളരെ വലുതാണ്. വികസിത രാജ്യങ്ങളിലും കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്. പക്ഷേ അവിടെയൊന്നും സ്ഥാനാർത്ഥികളുടെ പടം ഒട്ടിച്ച് തെരുവുകൾ വൃത്തിഹീനമാക്കാറില്ല.
പ്രചാരണത്തിന് സോഷ്യൽ മീഡിയയും മറ്റ് പരസ്യമാർഗങ്ങളുമാണ് അവർ അവലംബിക്കാറുള്ളത്. താൻ എത്ര പോസ്റ്റർ ഒട്ടിച്ചാലും തനിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരേ വോട്ട് ചെയ്യൂ അല്ലാത്തവർ ചെയ്യില്ലെന്നാണ് ഗഡ്‌കരി പറഞ്ഞത്. താൻ കൈക്കൂലി വാങ്ങില്ലെന്നും ആരെയും വാങ്ങാൻ അനുവദിക്കില്ലെന്നും കൂടി ഗഡ്‌കരി പറഞ്ഞു. ഇത്തരം ക്ളീൻ ഇമേജ് ഉള്ളവർക്ക് ധൈര്യമായി ഇലക്‌ഷനെ നേരിടാനാകും. അവർ അനാവശ്യമായ പ്രചാരണ കോലാഹലം നടത്തേണ്ടതില്ല. ഉടനെ രാഷ്ട്രീയക്കാർ സ്വീകരിക്കാനിടയില്ലെങ്കിലും ഇത്തരത്തിൽ ഒരു മാറ്റം വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.