നീലേശ്വരം: മലപ്പുറത്ത് നിന്ന് എത്തിയ യുവാവിന്റെ പരാതിയിൽ നീലേശ്വരം ബസ്‌സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിച്ച് പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് വിചിത്രമായ സംഭവം. മലപ്പുറത്തുനിന്ന് എത്തിയ യുവാവാണ് ബസ്‌സ്റ്റാൻഡിലെ ശുചിമുറിയില്‍ തന്റെ ഉമ്മയുടെ ഫോണ്‍ നമ്പര്‍ ആരോ എഴുതിവെച്ചിട്ടുണ്ടെന്നും നീക്കം ചെയ്യണമെന്നും നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇതോടെ മറിച്ച് ഒന്നും ചിന്തിക്കാതെ ബസ്‌സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മലപ്പുറത്തുനിന്ന് എത്തിയതാണ് യുവാവ്. ചുവരിൽ ഉമ്മയുടെ ഫോൺനമ്പർ ആരോ എഴുതിവെക്കുകയും നിരന്തരം ഉമ്മയുടെ ഫോണിലേക്ക് പലരും വിളിക്കുകയും ചെയ്തപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ നീലേശ്വരത്തെക്ക് എത്തുകയായിരുന്നു യുവാവ്. ഇവിടെ യുവാവ് എത്തിയപ്പോൾ രാത്രിയായതിനാൽ ശൗചാലയം അടച്ചു. മറ്റ് വഴി ഇല്ലാതെ വന്നപ്പോൾ പൂട്ടുപൊളിക്കാൻ തീരുമാനിച്ചു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് യുവാവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. അടുത്ത ദിവസം തന്നെ ഗൾഫിലേക്ക് പോകേണ്ടതിനാൽ നമ്പർ മായ്ക്കാതെ പോകാനാവില്ലെന്നതായിരുന്നു പ്രശ്നം.
യുവാവിന്റെ പരാതി കേട്ടപ്പോൾ എസ്.ഐ. മധുസൂദനൻ മടിക്കൈയും പോലീസ് ഉദ്യോഗസ്ഥരായ പ്രദീപൻ കോതോളിയും കെവി. ഷിബുവും യുവാവുമായി ശൗചാലയത്തിനടുത്തെത്തി. കൗൺസിലർ ഇ. ഷജീറിന്റെ ഇടപെടലിലൂടെ താക്കോൽ കിട്ടി. എന്നാൽ താക്കോൽ കൊണ്ട് തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് തന്നെ പൂട്ടുപൊളിച്ചു. ശൗചാലയത്തിന്റെ ചുമരിൽ എഴുതിയ യുവാവിന്റെ ഉമ്മയുടെ ഫോൺനമ്പർ മായ്ച്ചു. ഒരുവർഷത്തോളം ഉറക്കം കെടുത്തിയ പ്രശ്നത്തിന് പരിഹാരം കിട്ടിയ സന്തോഷത്തില്‍ പോലീസ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ് യുവാവ് രാത്രിതന്നെ മലപ്പുറത്തേക്ക് തിരിച്ചു. ചുമരിൽ ധാരാളം നമ്പറുകളും മോശം വാക്കുകളും ഉണ്ടെന്നതിനാൽ അത് മായ്ക്കാൻ നടപടി വേണമെന്ന് നഗരസഭയോട് പോലീസ് ആവശ്യപ്പെട്ടു.