കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പ്രതിഷേധക്കൂട്ടായ്മ കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം നാലുമണിക്ക്. പ്രൊഫ: കെപി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും

0
111

കുമ്പള: 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലം ഉള്ളതും, നിറയെ യാത്രക്കാരും,നല്ല വരുമാനവുമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തിൽ അവഗണിക്കുന്ന റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കുമ്പള പ്രസ്സ് ഫോറത്തിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സ്റ്റേഷനിൽ വരുമാനത്തിനും, യാത്രക്കാർക്കും അനുസരിച്ച് അടിസ്ഥാന വികസന സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുക, യാത്രക്കാർക്ക് മഴയും, വെയിലും കൊള്ളാതിരിക്കാൻ പ്ലാറ്റ്ഫോമിനു മതിയായ മേൽക്കൂര നിർമിക്കുക, രാത്രി നേരത്ത് പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചം ഏർപ്പാട് ചെയ്യുക , കുടിവെള്ള സൗകര്യം ഏർപ്പെടുത്തുക, സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക, 40 ഓളം ഏക്കർ സ്ഥലമുള്ള സ്റ്റേഷനു അനുബന്ധമായി സ്റ്റേ ബ്ലിങ് ലൈനുകൾ , പിറ്റ് ലൈൻ, ലോകോ സ്റ്റാഫ് റണ്ണിംഗ് റൂം എന്നിവ സ്ഥാപിച്ച് കാസറഗോഡിന്റെയും മംഗലാപുരത്തിന്റെയും “സാറ്റലൈറ്റ്” സ്റ്റേഷനായി വികസിപ്പിക്കുക (അതു മൂലം ആവശ്യമായ സ്ഥല സൗകര്യമില്ലാത്ത കാസറഗോഡ്, മംഗലാപുരം സ്റ്റേഷനുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരവുമാകും)
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ ബോർഡ് കൺട്രോളർ പ്രൊഫ: കെപി ജയരാജൻ ഉദ്ഘാടനം ചെയ്യും. വേദിയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ-യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, അധ്യാപക-വിദ്യാർത്ഥി സംഘടന നേതാക്കൾ, ജില്ലയിലെ പ്രമുഖരായ സാംസ്കാരിക നേതാക്കൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ-യൂണിറ്റ് ഭാരവാഹികൾ,മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, ക്ലബ് പ്രതിനിധികൾ സംബന്ധിക്കുമെന്ന് ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു.

ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, ജനറൽ സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്എം കരീം, വൈസ് പ്രസിഡണ്ട്മാരായ അഷ്റഫ് പെർവാഡ്, അബ്ദുള്ളകുഞ്ഞി നട്പ്പളം, ജോയിൻ സെക്രട്ടറിമാരായ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്,ബിഎ മുഹമ്മദ് കുഞ്ഞി, കുമ്പള റെയിൽ പാസഞ്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് നിസാർ പെറുവാഡ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here