അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്ക് പേരിട്ടു; നിര്‍മാണം ഉടന്‍

0
320

മുംബൈ: അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപ കല്‍പ്പനയും പേരും അനാവരണം ചെയ്തു. അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന് നാല് വര്‍ഷത്തിന് ശേഷമാണ് പള്ളി നിര്‍മാണം തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച രൂപകല്‍പ്പനക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും അതുകൊണ്ടാണ് പുതിയ രൂപ കല്‍പ്പന തയ്യാറാക്കിയതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്‌ചെയര്‍മാന്‍ സുഫര്‍ അഹമ്മദ് ഫാറൂഖി പറഞ്ഞു, വ്യാഴാഴ്ച മുംബൈയിലെ രംഗ് ശാരദ ഹാളില്‍ നടന്ന പൊതുയോഗത്തിലാണ് രൂപകല്‍പനയും പേരും അനാവരണം ചെയ്തത്. ആര്‍ക്കിടെക്റ്റ് ഇമ്രാന്‍ ഷെയ്ഖാണ് രൂപ കല്‍പ്പന. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് പള്ളിക്ക് നല്‍കിയത്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും പള്ളി നിര്‍മിക്കുക. ബാബ്‌റി മസ്ജിദ് പള്ളിക്ക് പകരമായാന്‍് പുതിയ പള്ളി നിര്‍മിക്കുന്നത്. ഓള്‍ ഇന്ത്യ റബ്ത-ഇ-മസാജിദിനെയും ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനെയും പ്രതിനിധീകരിക്കുന്ന സംഘമുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

9,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകുമെന്ന് അധികൃതര്‍ അറിയിച്ചു. മുഹമ്മദ് ബിന്‍ അബ്ദുല്ല തറക്കല്ലിടും. അയോധ്യക്ക് 25 കിലോമീറ്റര്‍ അകലെയുള്ള ദാനിപൂരിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളിയുടെ നിര്‍മാണം. പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ 2019 നവംബര്‍ 9 ന് സുപ്രീം കോടതി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നല്‍കുകയും പള്ളി പണിയുന്നതിന് 5 ഏക്കര്‍ സ്ഥലം പകരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഇസ്ലാമിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന പുരോഹിതന്മാര്‍ക്ക് ഇഷ്ടിക കൈമാറുകയും രൂപകല്‍പ്പന അനാച്ഛാദനം ചെയ്യുകയും ചെയ്തു. യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സുഫര്‍ അഹമ്മദ് ഫാറൂഖി, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഹാജി അറഫാത്ത്, ആര്‍ക്കിടെക്റ്റ് ഇമ്രാന്‍ ഷെയ്ഖ്, അഭിനേതാക്കളായ റാസ മുറാദ്, ഷഹ്സാദ് ഖാന്‍, രാജ്യത്തെ നിരവധി ദര്‍ഗകളുടെ തലവന്‍മാരും ഖാദിമാരും പങ്കെടുത്തു. ബാന്ദ്രയിലെ രംഗ്ശാരദ ഹാളിലാണ് പരിപാടി നടത്തിയത്.

പള്ളിയുടെ പേരുമായി ബന്ധപ്പെട്ട് മത നേതാക്കള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഹസ്രത്ത് അബൂബക്കര്‍, ഹസ്രത്ത് ഉമര്‍, ഹസ്രത്ത് ഉസ്മാന്‍, ഹസ്രത്ത് അലി എന്നീ നാല് ഖലീഫമാരുടെയും പേരിലായിരിക്കും പള്ളിയുടെ അഞ്ച് കവാടങ്ങള്‍ അറിയപ്പെടുക. പള്ളിയോടനുബന്ധമായി കാന്‍സര്‍ ആശുപത്രി, മെറ്റേണിറ്റി ഹോസ്പിറ്റല്‍, എഞ്ചിനീയറിംഗ്, മെഡിസിന്‍, ലോ കോളേജുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ആറ് ഏക്കര്‍ അധിക സ്ഥലം വാങ്ങുമെന്നും ഇവര്‍ അറിയിച്ചു. മസ്ജിദ് സമുച്ചയത്തില്‍ ലൈബ്രറി, മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയവയുമുണ്ടായിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here