‘അയോധ്യയിൽ പ്രതിഷ്ഠാ കർമത്തിന് വരുമ്പോൾ ധന്നിപൂരിൽ മസ്ജിദിന് തറക്കല്ലിടുകയും വേണം’: മോദിയോട് അഭ്യർഥനയുമായി മുസ്‌ലിം സംഘടനകൾ

0
160

ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമത്തിനെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ധന്നിപൂരിൽ മസ്ജിദിന് തറക്കല്ലിടണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ. അയോധ്യയിലെ ജമിയത്ത് ഉലമ-ഇ-ഹിന്ദ് യൂണിറ്റ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നീ സംഘടനകളാണ് ആവശ്യമുന്നയിച്ചത്. ധന്നിപൂരിലെ സോഹവാൾ തെഹ്‌സിലിൽ മസ്ജിദിനനുവദിച്ചിരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി തറക്കല്ലിടീൽ കർമം നിർവഹിക്കണമെന്നാണ് ആവശ്യം.

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഹിന്ദുക്കളുടെ തീർഥാടനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി മുസ്‌ലിംകളുടെ ആരാധനാകേന്ദ്രവും ഉദ്ഘാടനം ചെയ്യണമെന്നും ജമിയത്ത്-ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മുഫ്തി ഹിസ്ബുല്ല ബാദ്ഷാഹ് ഖാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സുപ്രിംകോടതി ഉത്തരവിനെ ബഹുമാനിക്കണമെന്നും മസ്ജിദിന്റെ തറക്കല്ലിടീൽ കർമം നിർവഹിക്കണമെന്നും തന്നെയാണ് ഐയുഎംഎൽ അയോധ്യാ സംസ്ഥാന പ്രസിഡന്റ് നജ്മുൽ ഹസൻ ഘനിയും പ്രതികരിച്ചത്. മസ്ജിദിനനുവദിച്ചിരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത് മികച്ച സന്ദേശം നൽകുമെന്ന് പയം-ഇ-ഇൻസാനിയാത് കൺവീനർ മൗലാനാ അസീം നദ്‌വി കൂട്ടിച്ചേർത്തു.

എന്നാൽ മസ്ജിദിന്റെ ആകാശചിത്രമോ മസ്ജിദിനുള്ള ഫണ്ടോ പോലും പൂർണമായും തയ്യാറാകാതെ പ്രധാനമന്ത്രിയെ ക്ഷണിച്ച് സംഭവം രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മസ്ജിദിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റ് ആണിത്. ഹിന്ദു-മുസ്‌ലിം സമുദായങ്ങൾക്കിടയിൽ ഒരു നൂറ്റാണ്ടോളമായി നിലനിന്നിരുന്ന തർക്കം കോടതി വഴിയാണ് പരിഹരിക്കപ്പെട്ടതെന്നും തങ്ങൾക്കനുവദിച്ചിരിക്കുന്ന സ്ഥലത്ത് മസ്ജിദ് പണികഴിപ്പിച്ചാണ് ആ കോടതി ഉത്തരവിനെ ബഹുമാനിക്കേണ്ടതെന്നും ഐഐസിഎഫ് സെക്രട്ടറി അതർ ഹുസൈൻ പറഞ്ഞു.

ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമം നിശ്ചയിച്ചിരിക്കുന്നത്. അയോധ്യയിൽ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കുന്നത് അനുഗ്രഹമായാണ് കാണുന്നതെന്നായിരുന്നു എക്‌സിൽ മോദിയുടെ പ്രതികരണം.

അയോധ്യയിലെ 2.77 ഏക്കർ സ്ഥലത്ത് ക്ഷേത്രം പണിയാനും ഇവിടെ നിന്ന് 25 കിലോമീറ്റർ മാറി ധന്നിപൂരിൽ അഞ്ച് ഏക്കർ സ്ഥലത്ത് മസ്ജിദ് നിർമിക്കാനുമാണ് 2019ൽ സുപ്രിം കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം ക്ഷേത്രനിർമാണത്തിനായി ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റും മസ്ജിദ് നിർമാണത്തിനായി ഇൻഡോ ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷനും സ്ഥാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here