മദ്യപിച്ച് അടിപിടി, തലയിൽ കല്ലെടുത്തിട്ട് കൊലപാതകം; കൊലക്കേസ് പ്രതിയുടെ മരണത്തിൽ സുഹൃത്ത് അറസ്റ്റിൽ

0
80

കുമ്പള: ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. മാവിനക്കട്ട വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൾ റഷീദിന്റെ (സമൂസ റഷീദ്-35) മൃതദേഹമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് റഷീദിന്റെ സുഹൃത്തായ മാവിനക്കട്ടയിലെ അഭിലാഷിനെ (ഹബീബ് -34) പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ ഐ.എച്ച്.ആർ.ഡി. കോളേജിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 2019-ൽ മധൂർ ഉളിയത്തടുക്കയിലെ ഷാനവാസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് റഷീദ്‌.

പോലീസ് പറയുന്നത്: കൊല്ലപ്പെട്ട റഷീദും ഹബീബും സുഹൃത്തുക്കളാണ്. 20 ദിവസമായി രണ്ടുപേരും മാവിനക്കട്ടയിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ജയിലിൽനിന്ന്‌ വന്നശേഷം റഷീദ് തേപ്പുപണി ചെയ്യുകയാണ്. ഞായറാഴ്ച രാത്രിയിൽ ഇരുവരും ഐ.എച്ച്.ആർ.ഡി പരിസരത്തെ മൈതാനത്തുവെച്ച് മദ്യപിച്ചു. തുടർന്നുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. അടിയേറ്റ് നിലത്തുവീണ റഷീദിന്റെ തലയിൽ ഹബീബ്‌ സമീപത്തുണ്ടായിരുന്ന കരിങ്കല്ല് എടുത്തിടുകയായിരുന്നു. മരണം ഉറപ്പായശേഷം മൃതദേഹം തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ വലിച്ചിഴച്ചു കൊണ്ടുപോയിട്ടു. തുടർന്ന് ഒളിവിൽപോയ പ്രതിയെ പെർവാഡിലെ ആളൊഴിഞ്ഞ വീട്ടിൽവെച്ച് കുമ്പള ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു.

നേരത്തേ കൊല്ലപ്പെട്ട ഷാനവാസിന്റെ സുഹൃത്താണ് ഹബീബ്. അതിന്റെ പ്രതികാരമാണോ കൊലയെന്ന കാര്യം പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഒന്നിലധികംപേർ കൊലപാതകത്തിലുൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ ഹബീബ് മുൻപ് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിൽ പ്രതിയാണ്. ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലും ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇപ്പോൾ ഭാര്യ ഇയാളിൽനിന്ന് അകന്നാണ് കഴിയുന്നത്.

വിദ്യാനഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദലി-ഖൈറുന്നിസ ദന്പതിമാരുടെ മകനാണ്‌ അബ്ദുൾ റഷീദ്. ഹാജിറ, റമീസ എന്നിവർ സഹോദരങ്ങളാണ്‌.

ഡിവൈ.എസ്.പി.മാരായ പി.കെ. സുധാകരൻ, വി.വി. മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു. കാസർകോട്ടുനിന്ന്‌ ഫൊറൻസിക് വിദഗ്ധരും ഡോഗ്‌ സ്ക്വാഡും സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here