ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതി നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം

0
184

ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. മക്‌ഡൊണാൾഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേൽ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (ഐഡിഎഫ്) സൈനികർക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈനികർക്ക് 4,000 ഭക്ഷണപ്പൊതികൾ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ കമ്പനിയായ മക്‌ഡൊണാൾഡിന്റെ ഇസ്രായേൽ വിഭാഗം ട്വീറ്റിലൂടെ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികൾ എത്തിക്കുമെന്നും കൂടാതെ, അവർ ഓർഡർ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം കിഴിവ് നൽകുമെന്നും മക്‌ഡൊണാൾഡ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

മക്‌ഡൊണാൾഡിന്റെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായതോടെ അറബ് രാജ്യങ്ങളിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ മക്‌ഡൊണാൾഡിന്റെ ഇസ്രയേൽ ചായ്‌വിനെതിരെ രം​ഗത്തെത്തി. പാകിസ്ഥാനിൽ, സ്വാധീനമുള്ള വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ #BoycottMcDonalds എന്ന ഹാഷ് ടാ​ഗും ഉയർത്തി. ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാ​ഗമായി മക്‌ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനം വാങ്ങുന്നത് നിർത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.

മക്‌ഡൊണാൾഡിന്റെ ഇസ്രയേൽ ബ്രാഞ്ച് പ്രാദേശികമായി അവിടെ പ്രവർത്തിക്കുന്ന സംരംഭമാണെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാ‍ഞ്ചിന് പ്രസ്താവന പുറത്തിറക്കേണ്ടി വന്നു.

“പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാഞ്ചിന്റെ പൂർണ്ണ ഉടമസ്ഥതയും പ്രവർത്തനവും SIZA Foods Pvt. ലിമിറ്റഡ് പാകിസ്ഥാനാണ്. ഇസ്രയേലിലെ മക്ഡൊണാൾഡിന്റെ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല” – പ്രസ്താവനയിൽ പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാഞ്ച് വ്യക്തമാക്കുന്നു. എന്നാൽ കമ്പനിയുടെ വിശദീകരണം പാകിസ്ഥാൻ നെറ്റിസൺമാരിൽ ഒരു വിഭാഗത്തിന് ബോധ്യപ്പെട്ടില്ല. അവർ ഇപ്പോഴും മക്‌ഡൊണാൾഡിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here