സമൂഹ മാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍, ലൈക്ക് കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കുറ്റകൃത്യം

0
125

അലഹബാദ്: സാമൂഹികമാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്നും എന്നാൽ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും അലഹബാദ് ഹൈക്കോടതി. അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി. അശ്ലീല ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് വഴി അത് പ്രചരിപ്പിക്കുക കൂടിയാണ് ആളുകൾ ചെയ്യുന്നത്. ഐടി നിയമം സെക്ഷൻ 67 അനുസരിച്ച് ഇത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാൻ കാസി എന്നയാളുടെ കേസിലാണ് ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ ഇക്കാര്യം വിശദമാക്കിയത്. ഐടി സെക്ഷൻ 67 നും ഐപിസിയിലെ മറ്റ് സെക്ഷനുകളും അടിസ്ഥാനമാക്കി ചുമത്തിയ കേസുകൾ കോടതി റദ്ദാക്കി. മറ്റൊരാളുടെ പോസ്റ്റ് ലൈക്ക് ചെയ്തുവെന്നതാണ് കാസിയെ നിയമത്തിന് മുന്നിലെത്തിച്ചത്. കേസിൽ വിധി പറയവെയാണ് കോടതി നീരിക്ഷണങ്ങൾ കൂടി കൂട്ടിച്ചേർത്തത്. നിയമവിരുദ്ധമായ ഒത്തുകൂടലിനായി ഫർഹാൻ ഉസ്മാൻ എന്നയാൾ പങ്കുവെച്ച പോസ്റ്റ് ലൈക്ക് ചെയ്തുവെന്നതാണ് ഇമ്രാൻ കാസിക്കെതിരെ ചുമത്തിയ കുറ്റം.

ജാഥയ്ക്ക് വേണ്ടി മുസ്ലീം സമുദായത്തിൽ നിന്നുള്ളവരെത്തണം എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ ‘പ്രകോപനപരമായ’ സന്ദേശങ്ങൾ ലൈക്ക് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഇമ്രാൻ കാസിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. ഇതിനെ തുടർന്ന് ആഗ്ര ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കുറ്റപത്രം പരിഗണിക്കുകയും ജൂൺ 30ന് ഇമ്രാൻ കാസിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പക്ഷേ പോസ്റ്റും കാസിമും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഹൈക്കോടതി ജഡ്ജി വിലയിരുത്തി.

അപേക്ഷകന്റെ ഫേസ്ബുക്കിൽ നിന്നോ വാട്ട്സാപ്പ് അക്കൗണ്ടുകളിൽ നിന്നോ കുറ്റകരമായ പോസ്റ്റുകൾ ഒന്നും കണ്ടെത്തിയില്ല. കൂടാതെ ഐടി നിയമത്തിലെ സെക്ഷൻ 67 പറയുന്നത് അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും പ്രകോപനപരമായ ഉള്ളടക്കത്തിന് വേണ്ടിയുള്ളതല്ല ഇതെന്നും കോടതി വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here