അബുദാബി: യുഎഇയിൽ ദിബ്ബ മേഖലയിൽ നേരിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) യുടെ റിപ്പോർട്ട് പ്രകാരം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുജൈറയിൽ രാവിലെ 6.18 ന് ഭൂപ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻ.സി.എം അറിയിച്ചു.
പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പലരും സോഷ്യൽ മീഡിയയിൽ പറഞ്ഞു. അൽ ബാദിയ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, യുഎഇ നിവാസികൾ ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു. ഒരു വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. ആളുകൾക്ക് ഈ ഭൂചലനങ്ങളിൽ ഭൂരിഭാഗവും അനുഭവപ്പെടില്ല. അവ സെൻസറുകൾ വഴിയാണ് കണ്ടെത്തുന്നത്. ഈ ഭൂചലനങ്ങളെല്ലാം കെട്ടിടങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.